കൊച്ചി: പ്രശസ്തമായ ഇടപ്പള്ളി പള്ളിയിലെ വെഞ്ചരിച്ച്, ആശീര്‍വദിച്ച് സക്രാരിയില്‍ സ്ഥാപിച്ച യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം പള്ളി വികാരിയുടെ നേതൃത്വത്തില്‍ വെട്ടിമുറിച്ച് മാലിന്യക്കൂട്ടത്തില്‍ തള്ളിയെന്ന് ആക്ഷേപം. യേശുവിന്റെ ക്രൂശിത രൂപത്തിന് സൗന്ദര്യമില്ലെന്ന പേരിലാണ് ക്രൂശിത രൂപം അറുത്തുമാറ്റിയതെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. വെഞ്ചരിച്ച്, ആശിര്‍വ്വദിച്ച രൂപം അറുത്ത് മാറ്റിയത് വിശ്വാസത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വിശ്വാസികള്‍ പറയുന്നു.
എട്ടു വര്‍ഷം മുന്‍പ് മുന്‍ വികാരി ഫാ. ജെയിംസ് ആലുക്കല്‍ വെഞ്ചെരിച്ച് ആഘോഷത്തോടെ സ്ഥാപിച്ച 18 അടി ഉയരമുള്ള, തേക്കില്‍ തീര്‍ത്ത ക്രൂശിത രൂപമാണ് ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തില്‍ ആരുമറിയാതെ പല കഷണങ്ങളാക്കിയത്. യേശുവിന്റെ പ്രതിമയുടെ തലഭാഗം അറുത്ത് സ്റ്റോര്‍ റൂമില്‍ തള്ളി. ബാക്കിയുള്ളവ നിര്‍മ്മാണ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പവും നിക്ഷേപിച്ചു. പരാതി ഉയര്‍ന്നുവെങ്കിലും കണ്ടില്ലെന്ന ഭാവത്തിലാണ് സഭാനേതൃത്വം.
തൃശൂരില്‍ സിഎംഐ സഭയുടെ വര്‍ക്ഷോപ്പില്‍ നിര്‍മ്മിച്ച അതീവ ശില്പ്പചാതുരിയോടുകൂടിയ ക്രൂശിത രൂപം അറുത്തുമാറ്റാന്‍ പതിറ്റാണ്ടുകളായി ദൈവവേല ചെയ്യുന്ന ഇപ്പോഴത്തെ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം മരപ്പണിക്കാരെ തിരക്കിയെങ്കിലും ആരും തയ്യാറായില്ല. ഒടുവില്‍ അന്യസംസ്ഥാനത്തു നിന്നെത്തിയ ഹിന്ദിക്കാരനെക്കൊണ്ടാണ് രൂപം അറുത്തത്.
സംഭവം കഴിഞ്ഞ ദിവസം പാരിഷ് കൗണ്‍സിലില്‍ ചര്‍ച്ചയായിരുന്നു. ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് വികാരിയും ഒരു മുന്‍ കൈക്കാരനും മാപ്പുപറയുകയും ചെയ്തു. എന്നാല്‍ ഒരു ഖേദപ്രകടനം കൊണ്ട് തീരുന്നതല്ല എന്നാണ് ചില വിശ്വാസികളുടെ നിലപാട്.
Discussion about this post