കൊച്ചി: ബാര്‍ ലൈസന്‍സ് നല്‍കിയതിലെ അഴിമതി ആരോപണങ്ങള്‍ക്കെതിരെ മുന്‍ എക്സൈസ് മന്ത്രി കെ ബാബു രംഗത്ത്. ‘ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്’ എന്ന് പ്രതികരിച്ച മന്ത്രി വിജിലന്‍സ് എഫ്ഐആറിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞു. ചട്ടവിരുദ്ധമായി ലൈസന്‍സ് അനുവദിച്ചിട്ടില്ല. എക്സൈസ് കമ്മീഷണറുടെ അധികാരത്തില്‍ കൈകടത്തിയിട്ടില്ല. വിജിലന്‍സ് എഫ്ഐആര്‍ മുന്‍ക്കൂട്ടി തയ്യാറാക്കിയ തിരക്കഥ. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് വ്യക്തിപരമായല്ല അനുമതി നല്‍കിയത്. എക്സൈസ് കമീഷണറുടെ അധികാരം കവര്‍ന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം അടിസ്ഥാനമാക്കിയാണ് ലൈസന്‍സ് അനുവദിച്ചത്. ബാറുകള്‍ പൂട്ടുന്നതിനെതിരായ കേസില്‍ ഹൈകോടതി സര്‍ക്കാറിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ നൂറ് കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് നിഗമനം. ലൈസന്‍സ് അനുവദിച്ചതിലും ചില അപേക്ഷകള്‍ നിരസിച്ചതിലും മറ്റു ചിലത് വൈകിച്ചതിലുമെല്ലാം അഴിമതിക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ചില അപേക്ഷയില്‍ വേഗം തീരുമാനം ഉണ്ടായതിനും മറ്റ് ചിലത് പിടിച്ചുവെച്ചതിനും പിന്നില്‍ ബാര്‍ ഹോട്ടല്‍ ഉടമാ സംഘത്തിന്റെ ഇടപെടലുണ്ടെന്നും വിജിലന്‍സ് സംശയിക്കുന്നു.
ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന ബാര്‍ ഉടമകളുടെ സംഘടനയുടെ പേരില്‍ വിഎം രാധാകൃഷ്ണന് നല്കിയ പരാതിയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് കെ ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ കെ ബാബു എക്സൈസ് മന്ത്രിയായിരിക്കെ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്നായിരുന്നു ബാര്‍ ഉടമകളുടെ പരാതി.
Discussion about this post