ആലപ്പുഴ: ഫഹദ് ഫാസിലിന്റെ സിനിമയായ ആവേശം കണ്ട് കാറിനുള്ളിൽ സിമ്മ്വിംഗ് പൂളുണ്ടാക്കിയ യൂട്യൂബർ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആർടിഒ ഓഫീസിൽ ഹാജരാകാൻ സഞ്ജുവിന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. വാഹനത്തിന്റെ രജിസ്‌ട്രേഷനവും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കാറിനുള്ളിൽ സ്വിമ്മിംഗ് പൂളുണ്ടാക്കി യാത്ര നടത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ നടപടി സ്വീകരിച്ചത്.
സഫാരി കാറിൽ ആയിരുന്നു സ്വിമ്മിംഗ് പൂൾ ഒരുക്കിയുള്ള സഞ്ജുവിന്റെ യാത്ര. വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിക്കുന്നതിന്റെ ദൃശ്യങ്ങളും യൂട്യൂബിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു സഞ്ജു വീഡിയോ ചിത്രീകരിച്ചത്. കാറിന്റെ പിൻഭാഗത്തെ സീറ്റ് അഴിച്ചുമാറ്റിയായിരുന്നു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയത്. സിനിമയിലത് പോലെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി അതിൽ വെള്ളം നിറയ്ക്കുകയായിരുന്നു. വാഹനത്തിലെ പൂളിന്റെ മർദ്ദം കൊണ്ട് എയർബാഗ് പുറത്തേക്ക് വരുന്നതായി വീഡിയോയിൽ കാണം. ഇതോടെ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തുടർനടപടികൾ സ്വീകരിച്ചത്.












