ന്യൂഡൽഹി: ആർബിഐയുടെ കടുത്ത നടപടികൾ നേരിടുന്ന ഡിജിറ്റൽ ഇടപാട് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരികൾ വ്യവസായ ഭീമനായ ഗൗതം അദാനി വാങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷന്റെ ഓഹരികൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഗൗതം അദാനിയും പേടിഎം സ്ഥാപകൻ വിജയ് ശർമയും തമ്മിൽ ചർച്ചകൾ നടത്തിവരുന്നതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ അഹമ്മദാബാദിശല അദാനിയുടെ ഓഫീസിൽ ചർച്ച നടത്തിയതായും വാർത്തകളുണ്ട്.
ഇത് സംബന്ധിച്ച് തീരുമാനമായാൽ ഗൂഗിൾ പേ, ഫോൺ പേ, ജിയോ ഫിനാൻഷ്യൽ എന്നിവയുൾപ്പെടുന്ന ഫിൻടെക്ക് മേഖലയിൽ അദാനി ഗ്രൂപ്പും പ്രവേശിക്കും. പേടിഎമ്മിന്റെ 29 ശതമാനം ഓഹരിയാണ് നിലവിൽ കമ്പനിയുടമയായ വിജയ് ശർമയുടെ പക്കലുള്ളത്. ബാക്കിയുള്ള ഒഹരികൾ സെയ്ഫ് പാർട്ട്ണർമാർ, ആന്റ്ഫിൻ നെതർലാൻഡ്, കമ്പനിയുടെ ഡയറക്ടർമാർ, എന്നിവരുടെ പക്കലാണ്.
പേടിഎമ്മിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ, ഇപ്പോൾ കമ്പനി നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിച്ച് പൂർവാധികം ശക്തിയോടെ തിരിച്ച് വരുമെന്നണ് വിദഗ്ധരുടെ വിലയിരുത്തൽ. ആർബിഐയിൽ നിന്നുള്ള നടപടികൾ നേരിട്ടെങ്കിലും പേടിഎമ്മിന്റെ സ്വധീനം ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇത് തന്നെയാണ് അദാനിയെ ഗ്രൂപ്പിനെ പേടിഎമ്മിലേക്ക് ആകർഷിച്ചിട്ടുള്ളതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post