രാമേശ്വരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ജമാ അത്ത് ഉള്‍ ഉലമ രംഗത്ത്. കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രതിമ അനാച്ഛാദനം ചെയ്യാനിരിക്കെയാണ് മതവാദമുയര്‍ത്തി ജമാ അത്ത് അല്‍ ഉലമ രംഗത്തെത്തിയിരിക്കുന്നത്
മുസ്‌ലിം ശരീയത്തിന് എതിരാണെന്ന വാദം ഉന്നയിച്ചാണ് സംഘടന രാമേശ്വരത്തെ പെയ്കറുമ്പില്‍ സ്ഥാപിക്കാനൊരുങ്ങുന്ന പ്രതിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
മുസ്ലിം മതവിശ്വാസം അനുസരിച്ച് ബിംബാരാധാന ശരീയത്തിന് എതിരാണ്, അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി പ്രതിമ സ്ഥാപിക്കുന്നതിന് പകരം അദ്ദേഹം മുന്നോട്ട് വെച്ച ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നാണ് സംഘടനാ ഭാരവാഹികളുടെ വാദം. യുവാക്കളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ് കലാം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാജ്യ പുരോഗതിക്ക് ഉപയോഗിക്കണമെന്നും ജമാ അത്ത് ഉള്‍ ഉലമ പ്രസിഡന്റ് എ.വലിയുള്ള നൂറി പറയുന്നു.
സംഘടനയുടെ അഭിപ്രായം കലാമിന്റെ കുടുംബത്തെയും അറിയിച്ചിട്ടുണ്ട്. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികമായ ജൂലായ് 27ന് പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മുസ്‌ലിം മതവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് പ്രതിമാ അനാച്ഛാദനവുമായി മുന്നോട്ട് പോവാനാണ് തീരുമാനമെങ്കില്‍ എതിര്‍ക്കുമെന്നും ജമാഅത്തുള്‍ ഉലമ കൗണ്‍സില്‍ അറിയിച്ചു.
Discussion about this post