തിരുവനന്തപുരം: പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അന്വേഷണം. ബിജെപി നേതാവ് കുമ്മനം രാജശേഖരന് നല്കിയ പരാതിയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. കോടിയേരിയുടെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ രൂപം സംഘം പരിശോധിക്കും. കേസെടുക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കും.സിപിഐഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഐഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ആക്രമിക്കുന്നവരെ കായികമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്ന തരത്തില്‍ കോടിയേരി ബാലകൃഷ്ണന് നടത്തിയ പയ്യന്നൂര്‍ പ്രസംഗം വിവാദമായിരുന്നു. അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു.
കോടിയേരിയുടെ പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് നിഷ്ക്രിയമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാചകങ്ങളെന്നും ചെന്നിത്തല ആരോപിച്ചു. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സര്‍ക്കാര്‍ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കത്ത് അയക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളും ഡിജിപിക്ക് പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post