കൊച്ചി: മതപരിവര്‍ത്തനത്തിന് വിധേയയായി ഐ.എസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന കൊച്ചി തമ്മനം സ്വദേശി മെറിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരന്‍ എബിന്‍. മുസ്ലീം സഹോദരങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് വന്നാല്‍ ആയുധമെടുക്കാന്‍ തയാറാണെന്ന് മെറിന്‍ പറഞ്ഞതായി എബിന്‍ പൊലീസില്‍ മൊഴി നല്‍കി.
മുംബൈ സ്വദേശി അര്‍ഷി ഖുറേഷിയും, പാലക്കാട് സ്വദേശി യെഹിയയും ചേര്‍ന്ന് തന്നെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴി നല്‍കിയതിനൊപ്പമാണ് മെറിന്റെ സഹോദരന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിന്‍ എന്ന യഹിയ തന്റെ സഹോദരി മെറിനെ മതം മാറ്റി ഇസ്ലാമാക്കി. മുസ്ലീം സഹോദരങ്ങള്‍ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍, തോക്കെടുത്ത് പ്രതികാരം ചെയ്യാന്‍ തയ്യാറാണെന്ന് മെറിന്‍ തന്നോട് പറഞ്ഞതായും എബിന്‍ വെളിപ്പെടുത്തി.
2014ലാണ് തീവ്രമായ മാറ്റങ്ങള്‍ സഹോദരിയില്‍ കണ്ടുതുടങ്ങിയത്. മുംബൈയില്‍ മെറിനൊപ്പം ഖുറേഷിയെ കൂടാതെ കാസര്‍കോട് സ്വദേശി അഷ്ഫാഖ് മജീദും ഉണ്ടായിരുന്നതായി എബിന്‍ പറഞ്ഞു. മുംബൈയില്‍ താമസിച്ചിരുന്ന കാലത്ത് യഹിയയും മെറിനും തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ എല്ലാം ഉന്മൂലനം ചെയ്യണമെന്ന് യെഹിയ പറഞ്ഞിരുന്നു.
സാക്കിര്‍ നായിക്കിന്റെ അടുത്ത അനുയായിയായ അര്‍ഷി ഖുറേഷി, തന്നെ അദ്ദേഹത്തിന്റെ വസതിയിലും, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസിലും ഒരു തവണ കൊണ്ടുപോയതായും എബിന്‍ വെളിപ്പെടുത്തി. ഖുറേഷിയുടെ അതി തീവ്ര ആശയങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തത് മൂലമാണ് കൊച്ചിയിലേക്ക് തിരികെ വന്നതെന്നും എബിന്‍ പറയുന്നു.
യഹിയയുടേയും ഖുറേഷിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി മെറിന്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്നും, തന്റെ സഹോദരിയെ തിരികെ കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നും എബിന്‍ അന്വേഷണസംഘത്തോട് അഭ്യര്‍ത്ഥിച്ചു.
Discussion about this post