തിരുവനന്തപുരം :വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3 .15 നാണ് തിരുവനന്തപുരത്ത് എത്തിയത്. 21 ന് തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പറഞ്ഞതിനും നേരത്തെയാണ് അദ്ദേഹം കേരളത്തിൽ തിരിച്ചെത്തിയത്.
മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് മുൻപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് സിംഗപ്പൂർ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്നു .സ്വകാര്യ യാത്രയ്ക്കുശേഷം ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്രതിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മരുമകനും മന്ത്രിയുമായി പി എ മുഹമ്മദ് റിയാസും വീണയും മുഖ്യമന്ത്രിക്കൊപ്പം വിദേശ യാത്രയിലായിരുന്നു . അവർ നാളെ തിരിച്ചെത്തും എന്നാണ് വിവരം. ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷമായിരിക്കും ഇരുവരും നാട്ടിലേക്ക് മടങ്ങുക.
സാധാരണ വിദേശ യാത്ര തിരിച്ചെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഈ പ്രാവിശ്യം ആരും തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലുള്ള പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് പോയതിൽ പ്രതിപക്ഷ പാർട്ടികൾ നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര അനവസരത്തിലാണോ എന്ന സംശയം എൽഡിഎഫിനകത്തുനിന്ന് തന്നെ ഉയർന്നു വന്നിരുന്നു. കൂടാതെ അദ്ദേഹം വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ഇതിനെതിരെയും പ്രതിപക്ഷം പ്രതികരിച്ചിരുന്നു.
Discussion about this post