കൊല്ലം: കെ.എസ്.ആര്.ടി.സി ലോ ഫ്ലോര്‍ ബസിന്റെ മുന്‍ സീറ്റില്‍ പുഞ്ചിരി വിട്ടുമാറാത്ത പരിചിത മുഖം കണ്ട് മറ്റ് യാത്രക്കാര്‍ അമ്പരന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ഒരു ബസില്‍ ഒന്നിച്ചൊരു യാത്ര.
തിരഞ്ഞെടുപ്പിന് പരാജയത്തിനുശേഷം ഉമ്മന്‍ചാണ്ടിയെടുത്ത ഏറ്റവും പ്രധാന തീരുമാനമായിരുന്നു ട്രെയിനിലും ബസിലും സാധാരണക്കാര്‍ക്കൊപ്പമുള്ള യാത്ര. ഈ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ അപ്രതീക്ഷിത യാത്ര. കരുമാലില്‍ സുകുമാരന്‍ അനുസ്മരണ ചടങ്ങിനെത്തിയ ഉമ്മന്‍ചാണ്ടി തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിയത് കെ.എസ്.ആര്.ടി.സി ബസിലായിരുന്നു. മുന്‍മുഖ്യമന്ത്രിയെ തൊട്ടടുത്ത് കണ്ട ബസിലെ മറ്റ് യാത്രക്കാര്‍ അമ്പരന്നു. അടുത്തേക്ക് ഓടിയെത്തിയ വനിതാ കണ്ടക്ടര്‍ ചോദിച്ചു. സര് എവിടേക്കാണ്, എവിടെ വേണമെങ്കിലും നിര്‍ത്താം. നിറപുഞ്ചിരിയോട് ഉമ്മന്‍ചാണ്ടിയുടെ മറുപടി. വേണ്ട സ്റ്റോപ്പുള്ളിടത്ത് നിര്‍ത്തിയാല്‍ മതി. ടിക്കറ്റ് വേണ്ട, എനിക്ക് പാസുണ്ട്.’ പിന്നെ ബസ് എവിടെ നിന്ന് സര്‍വ്വീസ് തുടങ്ങി, എപ്പോള്‍ അവസാനിക്കും തുടങ്ങിയ വിവരങ്ങള്‍ തിരക്കി. അപ്പോഴേക്കും പിന് നിരയില്‍ ഇരുന്നവര്‍പോലും സീറ്റ് ഉപേക്ഷിച്ച് സെല്‍ഫിയെടുക്കാന്‍ അടുത്തുകൂടി. ഓരോത്തര്ക്കുമൊപ്പം സെല്‍ഫിയെടുത്തശേഷം വിശേഷങ്ങളും തിരക്കി.
തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് എത്തിയത് ട്രെയിനിലായിരുന്നു. മടക്കയാത്രയ്ക്ക് തങ്ങളുടെ കാര്‍ നല്‍കാമെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ ചുറ്റും കൂടിയെങ്കിലും കെ.എസ്.ആര്.ടി.സി സ്റ്റാന്റിലെത്തിച്ചാല് മതിയെന്നു പറഞ്ഞ് സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. ചടങ്ങ് നടന്ന തങ്കശ്ശേരി മില്ലേനിയം ഹാളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ കാറില്‍ കൊല്ലം സ്റ്റാന്റിലെത്തിയ ഉമ്മന്‍ചാണ്ടി രാത്രി ഏഴ് മണിയോടെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ അദ്ദേഹം തിരുവനന്തപുരത്ത് എത്തി.
Discussion about this post