ഡല്‍ഹി: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്താനാകില്ലെന്നും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ഹൈകോടതി ഇടപെടേണ്ട ഘട്ടമെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈകോടതി കവാടത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായത്. അത് കോടതിക്ക് വലിയ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് വരേണ്ടതില്ലെന്ന നിലപാട് ഹൈകോടതി സ്വീകരിക്കാനിടയാക്കിയ സാഹചര്യം അതാണ്. എന്തായാലും പ്രശ്‌നപരിഹാരത്തിന് ഹൈകോടതി ഇടപെടേണ്ട ഘട്ടം എത്തിയിരിക്കുന്നു. അതുണ്ടാകുമെന്നാണ് പ്രതീക്ഷ. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിക്കണം. കോടതിക്ക് അകത്തെ കാര്യത്തില്‍ തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതിയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതില്‍ സര്‍ക്കാറിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. കോടതി കാര്യത്തില്‍ ഇടപെടാനില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ല. കോടതിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ തടയപ്പെടുമ്പോള്‍ ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ പൊലീസ് ഇടപെടുന്നില്ലെന്ന വിമര്‍ശത്തില്‍ കഴമ്പില്ല. അകത്ത് കയറേണ്ടതില്ലെന്ന് കോടതി പറഞ്ഞാല്‍ പൊലീസിന് അതിനപ്പുറം പോകുന്നതിന് പരിമിതിയുണ്ട്.
മുഖ്യമന്ത്രിയുടെ ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് എ.ജിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന കമ്മിറ്റി ഇനിയും ഉണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇരുകൂട്ടരില്‍ നിന്നും കമ്മിറ്റിയില്‍ എടുക്കേണ്ടവരുടെ പേരുകള്‍ കിട്ടാത്തത് മാത്രമാണ് താമസത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഘര്‍ഷത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആരാണ് പ്രശ്‌നക്കാര്‍ എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post