ഡല്‍ഹി:. സാകിര്‍ നായികിന്റെ മതപ്രഭാഷണങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിന് പ്രചോദനമായെന്ന് മൊഴി നല്‍കിയ 55 ഭീകരരുടെ പട്ടിക എന്‍ഐഎ തയ്യാറാക്കി. 2005 മുതല്‍ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ അറസ്റ്റിലായവരാണ് ഈ പട്ടികയിലുള്ളത്. എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
നിരോധിത സംഘടനകളായ സിമി, ലഷ്‌കറെ ത്വെയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ പലരും സാക്കീര്‍ നായികിന്റെ പ്രസംഗത്തില്‍ പ്രചോദിതരായവരാണ്.
ഇമെയില്‍ വിവാദത്തില്‍ പ്രതിയായ കേരളാ പൊലീസ് ഹൈടെക്ക് സെല്‍ എസ്‌ഐ ആയിരുന്ന ബിജു സലീമിന്റെ പേരും പട്ടികയിലുണ്ട്. നിരോധിത സംഘടനയായ സിമിയുടെ അനുഭാവി എന്ന പേരില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
006ലെ ഔറംഗബാദ് ആയുധക്കടത്ത് കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത സാക്കിര്‍ നായികിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്‍ ജീവനക്കാരന്‍ ഫിറോസ് ദേശ്മുഖ്, 2012ല്‍ പുനെ യര്‍വാഡ ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഖന്‍ദീല്‍ അഹമദ് സിദ്ദീഖി, ഐഎസ് ഓണ്‍ലൈന്‍ റിക്രൂട്ടിങ് കേസില്‍ കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസ് നാടുകടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹൈദരാബാദ് സ്വദേശിനി അഫ്ഷാ ജബീന്‍, ഐഎസ് ഇന്ത്യന്‍ ഘടകമെന്ന പേരില്‍ ജുനൂദുല്‍ ഖലീഫ ഇ ഹിന്ദ് എന്ന സംഘടനയുണ്ടാക്കിയതിന് എന്‍ഐഎ അറസ്റ്റ് ചെയ്ത മുദബ്ബിര്‍ ഷെയ്ഖ്, മുഹമ്മദ് ഉബൈദുല്ല ഖാന്‍, അബൂ അനസ്, മുഹമ്മദ് നഫീസ് ഖാന്‍, ബുര്‍ദ്വാന്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരായ അസദുല്ല അലി, റഫീഖ് ഇസ്ലാം തുടങ്ങിയവരാണ് സാകിര്‍ നായികിനാല്‍ സ്വാധീനിക്കപ്പെട്ട ഭീകരരുടെ പട്ടികയിലുള്ളത്.
വലിയ അന്വേഷണ സംഘം ഉള്‍പ്പെടുന്ന സമഗ്രമായ അന്വേഷണമാണ് സാകിര്‍ നായികിനെതിരെ നടക്കുന്നതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു, സാകിര്‍ നായികിന്റെ ഇതുവരെയുള്ള പ്രസംഗങ്ങള്‍ എന്‍ഐഎ പരിശോധിക്കുകയാണ്, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴിലുള്‌ല സ്ഥാപനങ്ങളും അടുത്ത വ്യക്തികളും നിരീക്ഷണത്തിലാണ്. മുംബൈയിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍, മുംബൈയിലും ചെന്നൈയിലുമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഇന്റര്‍ നാഷണല്‍ സ്‌കൂളുകള്‍ എന്നിവയും നിരീക്ഷിച്ച് വരുകയാണെന്ന് എന്‍ഐഎ പറയുന്നു.
കൂടാതെ, സാകിര്‍ നായികിനെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇന്ത്യയില്‍ നാല് കേസുകളാണ് രജ്‌സിറ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നാലാമത്തെ കേസ് ഖോലാപൂര്‍ കോടതിയുടെ പരിഗണനയിലാണ്.
മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്നുവെന്ന മുംബൈ സ്വദേശിയായ സുഭാഷ് പാണ്ടുരങ്കിന്റെ പരാതിയില്‍ ഐപിസി 153 എ, 5022 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് പ്രകാരവും 2013ല്‍ മുംബൈ കുര്‍ള പൊലീസ് സാകിര്‍ നായികിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012ല്‍ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഐപിസി 153എ, 295 എ വകുപ്പുകള്‍ പ്രകാരം മഹാരാഷ്ട്ര സിന്ദുദുര്‍ഗ് ജില്ലയിലെ വെന്‍ഗുര്‍ള പൊലീസ് സ്റ്റേഷനിലും സമാനമായ കുറ്റത്തിന് സാവന്ത് വാദി പൊലീസ് സ്റ്റേഷനിലും ഖോലാപൂരിലെ ലക്ഷ്മിപൂര്‍ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അവസാനത്തേത് ഖോലാപൂര്‍ കോടതിയുടെ പരിഗണനയിലാണ്.
ശക്തമായ തെളിവുകളില്ലാതെ സാകിര്‍ നായികിനെതിരെ നിയമനടപടി സ്വീകരിക്കാനാകില്ലെന്നും കോടതിയില്‍ നിലനില്‍ക്കാന്‍ ആവശ്യയമായ തെളിവുകള്‍ വേണ്ടതിനാല്‍ വളരെ കരുതലോടെയാണ് അന്വേഷണമെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ഭീകരവാദ കേസുകളില്‍ പ്രതികളായവര്‍ സാകിര്‍ നായികിന്റെ പ്രസംഗങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന കണ്ടെത്തല്‍ പച്ചക്കള്ളമാണെന്ന് സാകിര്‍ നായികിന്റെ അഭിഭാഷകന്‍ മുബിന്‍ സോള്‍കര്‍ പറഞ്ഞു. ഭീകരവാദ കുറ്റം ചുമത്തി സാകിര്‍ നായികിനെതിരെ ഇതുവരെ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഈ മൂന്ന് കേസുകളും തള്ളണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ ആക്രമണം നടത്തിയ ഭീകരര്‍ സാകിര്‍ നായികിന്റെ പ്രസംഗങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ടവരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാകിര്‍ നായികിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങള്‍ നേരത്തെ ഇദ്ദേഹം തള്ളിയിരുന്നു. കേരളത്തില്‍ നിന്ന് കാണാതായി പിന്നീട് ഐഎസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന ചിലരെ മതംമാറ്റിയത് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഇടപെടല്‍ മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്. കേരള പോലിസിന്റെ പിടിയിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പിആര്‍ഒ ആര്‍ഷി ഖുറേഷി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഐഎസില്‍ ചേരാനും പ്രേരിപ്പിച്ചുവെന്ന മൊഴിയും കേരള പോലിസിന് ലഭിച്ചിട്ടുണ്ട്.ഇക്കാര്യങ്ങളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.
Discussion about this post