ലക്നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ച സംഭവത്തില്‍ പോലീസ് സ്റ്റേഷനിലെ 14 ഉദ്യോഗസ്ഥന്മാര്ക്കും സസ്പെന്ഷന്. ഒരു പോലീസുകാരനെതിരെ കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. 25 വയസുള്ള കമല്‍ വാല്മീകിയാണ് പോലീസ് കസ്റ്റഡിയില്‍ ഇരിക്കവേ മരിച്ചത്.
രണ്ടുദിവസം മുമ്പ് ഒരു മോഷണക്കേസിന്റെ പേരിലാണ് കമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ചതായുള്ള വിവരമാണ് പിന്നീട് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. പോലീസുകാരുടെ മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് മറ്റൊരു പേരിലാണ് മൃതദേഹം അയച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സ്റ്റേഷനില്‍ ഇയാള്‍ രാജു എന്ന പേരുപറഞ്ഞതിനാലാണ് അങ്ങനെയൊരു പിഴവ് സംഭവിച്ചതെന്ന് പോലീസ് പ്രതികരിച്ചു.
കുടുംബാംഗങ്ങളുടെ പരാതിയിന്മേല് കൊലകുറ്റത്തിന് കേസെടുത്തതായും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പേരെ സസ്പെന്‍ഡ് ചെയ്തതായും സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന് ശലഭ് മാഥുര്‍ അറിയിച്ചു. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post