ചെന്നൈ : ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മേൽക്കൂരയിൽ കുടുങ്ങിയ കുഞ്ഞിനെ അയൽക്കാർ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മേൽക്കൂരയിൽ കുടുങ്ങിയ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചെന്നൈയിൽ ഐടി പ്രഫഷണലായി ജോലി നോക്കിയിരുന്ന രമ്യ(33)യെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞ് അപകടത്തിൽപ്പെട്ടതിനുശേഷം ഈ വീഡിയോ വൈറൽ ആയതോടെ കടുത്ത സൈബർ അധിക്ഷേപം ആയിരുന്നു കുഞ്ഞിന്റെ അമ്മക്കെതിരെ നടന്നിരുന്നത്. തുടർന്ന് ഇവർ വിഷാദരോഗാവസ്ഥയിൽ ആയിരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം രമ്യയുടെ മാതാപിതാക്കൾ ഒരു ചടങ്ങിൽ പങ്കെടുക്കാനായി പുറത്തുപോയ നേരത്തായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
ഏപ്രിൽ 28ന് ആയിരുന്നു ചെന്നൈയിലെ ആവഡിയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മേൽക്കൂരയിൽ എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞ് തൂങ്ങി കിടക്കുന്നതായി അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അയൽവാസികൾ കുഞ്ഞിനെ രക്ഷിക്കാൻ ആയുള്ള ശ്രമം ആരംഭിച്ചു. താഴെയുള്ള അയൽക്കാർ ജനലിൽ കൂടെ കയറി കുട്ടിയെ എടുക്കാനും കുട്ടി താഴെ വീണാൽ പിടിക്കാനായി മറ്റു ചിലർ ബെഡ്ഷീറ്റുകൾ തൂക്കിക്കൊണ്ട് താഴെയും നിന്നിരുന്നു. ഒടുവിൽ ശ്രമകരമായ ദൗത്യത്തിലൂടെ മേൽക്കൂരയിൽ നിന്നും കുഞ്ഞിനെ ജനാല വഴി ഉള്ളിലേക്ക് എടുക്കാൻ സാധിച്ചിരുന്നു.
തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ ആളുകളാണ് ഈ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെ മാതാപിതാക്കളുടെ അശ്രദ്ധമൂലമാണ് കുട്ടി ഇത്തരത്തിൽ മേൽക്കൂരയിൽ കുടുങ്ങാൻ കാരണമായതെന്ന് വിമർശനം ഉയർന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കടുത്ത സൈബർ അധിക്ഷേപം തന്നെയായിരുന്നു നടന്നിരുന്നത്. ഈ വിഷയത്തിൽ കുട്ടിയുടെ അമ്മയെ ന്യായീകരിച്ചുകൊണ്ട് അയൽക്കാർ തന്നെ രംഗത്തെത്തിയിരുന്നു. രമ്യ കുഞ്ഞിനെ നല്ല രീതിയിൽ നോക്കുന്ന യുവതിയാണെന്നും വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ചെറിയ ഒരു അശ്രദ്ധ ഉണ്ടായപ്പോൾ കുഞ്ഞു പുറത്തിറങ്ങുകയായിരുന്നു എന്നും അയൽവാസികൾ വ്യക്തമാക്കിയിരുന്നു. പക്ഷേ നിരന്തരമായി ഉണ്ടായ സൈബർ അധിക്ഷേപങ്ങളിൽ രമ്യ മാനസികമായി തകർന്നു എന്നാണ് പോലീസും ബന്ധുക്കളും അറിയിക്കുന്നത്.
Discussion about this post