കഴിഞ്ഞ മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പശുക്കളെ പരിപാലിക്കുന്ന വീഡിയോ പുറത്തു വന്നപ്പോൾ, ആ പശു ഇനം ഏതാണെന്ന് അറിയാൻ ഗൂഗിളിൽ വ്യാപകമായ തിരച്ചിൽ നടന്നിരുന്നതായി ഒരു വാർത്തയുണ്ടായിരുന്നു. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുക എന്നതിന് ആ നാട്ടിലെ തദ്ദേശീയ ജീവികളെ കൂടി സംരക്ഷിക്കുക എന്നൊരു അർത്ഥമുണ്ട്. പ്രധാനമന്ത്രി വളർത്തുന്ന പശുവിനെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നവർ പലപ്പോഴും ശ്രദ്ധിച്ചിട്ടില്ലാത്ത, അല്ലെങ്കിൽ അറിയാത്ത ചില തദ്ദേശീയ പശുക്കൾ നമുക്കും സ്വന്തമായി ഉണ്ട്. അത്തരത്തിൽ കേരളത്തിലെ തദ്ദേശീയ പശുക്കളിൽ ഏറെ പ്രാധാന്യമുള്ളതും എന്നാൽ ഇപ്പോൾ വംശനാശഭീഷണിയിൽ നിൽക്കുന്നതുമായ ഒരു ഇനമാണ് തൃശ്ശൂരിന്റെ സ്വന്തം വില്വാദ്രി പശു.
തൃശ്ശൂർ പാലക്കാട് ജില്ലകളുടെ അതിർത്തിയിലായി ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് തിരുവില്വാമല. ശ്രീ വില്വാദ്രിനാഥൻ വാണരുളുന്ന ഈ മണ്ണിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഇവിടുത്തെ തദ്ദേശീയ പശു ഇനമായ വില്വാദ്രി പശുക്കൾ. നൂറ്റാണ്ടുകളായി നേരിട്ട് വരുന്ന സകല പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടുള്ള ഒരു പോരാട്ടത്തിലാണ് ഇപ്പോൾ വില്വാദ്രി പശുക്കൾ. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് ധാരാളമായി കണ്ടുവന്നിരുന്ന വില്വാദ്രി പശുക്കളുടെ എണ്ണം ഇപ്പോൾ നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു. ഗ്രാമത്തിലെ ശ്രേഷ്ഠരായ ചില വ്യക്തിത്വങ്ങളുടെ കഠിന പരിശ്രമം കൊണ്ട് മാത്രമാണ് ഈ ഇനം ഇപ്പോഴും വംശനാശം സംഭവിക്കാതെ നിലനിൽക്കുന്നത് എന്ന് പറയാം.
വില്വാദ്രി പശുക്കൾ പ്രത്യേക ജനിതക വിഭാഗമാണെന്ന കാര്യം 2021 ൽ ആയിരുന്നു കേരള വെറ്റിനറി സർവകലാശാല കണ്ടെത്തിയത്. സംസ്ഥാനത്തെ മറ്റ് നാടൻ സങ്കരയിനം പശുക്കളിൽ നിന്ന് വ്യത്യസ്തമായ ജനിതക വൈവിധ്യമാണ് വില്വാദ്രി പശുക്കൾക്കുള്ളത്. നൂറ്റാണ്ടുകളായി കൈമാറി വന്ന പാരമ്പര്യമാണ് ഇവയെ തനതായി നിലനിർത്തുന്നത്. തിരുവില്വാമലയിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയിൽ നൂറ്റാണ്ടുകളോളം അതിജീവിച്ചു വന്നതിന്റെ സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളും വില്വാദ്രി പശുക്കളെ വേറിട്ടതാക്കി മാറ്റുന്നു. ദുർഘടമായ പാരിസ്ഥിതിക മേഖലകളെ കാലങ്ങളായി അതിജീവിച്ച് വന്നതിനാൽ മികച്ച പ്രതിരോധശേഷിയും കായിക ശേഷിയും ഉള്ളവയാണ് വില്വാദ്രി പശുക്കൾ.
പാറക്കെട്ടുകൾ നിറഞ്ഞ വില്വാദ്രി കുന്നുകളിലും ഭാരതപ്പുഴയുടെ തീരങ്ങളിലും കളിച്ചു നടന്ന് വളർന്ന വില്വാദ്രി പശുക്കൾ ദീർഘായുസ്സും മികച്ച പ്രത്യുൽപാദനശേഷിയും ഉള്ളവയാണ്. ശരാശരി 30 മുതൽ 40 വർഷം വരെ ഇവയ്ക്ക് ആയുസ്സ് ഉണ്ടായിരിക്കും. വെച്ചൂർ, കാസർഗോഡ് കുള്ളൻ എന്നീ തദേശീയ ഇനങ്ങളെ അപേക്ഷിച്ച് ഉയരവും നീളവും ഉള്ളവയാണ് വില്വാദ്രി പശുക്കൾ. പൊതുവേ ഇരുണ്ട തവിട്ട് നിറത്തിലാണ് വില്വാദ്രി നാഥന്റെ ഈ ഗോക്കൾ കാണപ്പെടുന്നത്. കടുത്ത ചൂടിനെയും വരൾച്ചയെയും പ്രതിരോധിക്കാൻ ഈ ഇരുണ്ട തവിട്ടു നിറമാണ് ഇവയെ സഹായിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ആയുസ്സും ആരോഗ്യവും ഉള്ള ഈ പശുക്കൾ പാലുൽപാദനത്തിന്റെ കാര്യത്തിലും മിടുക്കരാണ്. ദിവസം ശരാശരി മൂന്ന് ലിറ്റർ വരെ പാൽ വില്വാദ്രി പശുക്കളിൽ നിന്നും ലഭിക്കുന്നതാണ്.
തിരുവില്വാമലയിലെ കുന്നിൻ പുറങ്ങളിലും ഭാരതപ്പുഴയുടെ തീരങ്ങളിലും മേഞ്ഞു നടക്കുന്ന വില്വാദ്രി പശുക്കൾ ഈ പ്രദേശത്തെ ഒരു സ്ഥിരം കാഴ്ചയാണ്. ദീർഘകാലമായി ഒരേ പ്രദേശത്ത് അതിജീവിച്ചു വരുന്ന വംശമായതിനാൽ തന്നെ എത്ര കടുത്ത പാറക്കെട്ടുകൾ പോലും കയറാൻ കഴിയുന്ന ബലിഷ്ടമായ ഉപ്പൂറ്റിയും പരന്ന കുളമ്പുകളും ആണ് വില്വാദ്രി പശുക്കളുടെ ഒരു പ്രധാന സവിശേഷത. സാധാരണ രീതിയിൽ പശുക്കൾക്ക് ഒരു മീറ്ററോളം ഉയരവും കാളകൾക്ക് ഒന്നേകാൽ മീറ്ററോളം ഉയരവും ആയിരിക്കും ഉണ്ടായിരിക്കുക. വില്വാദ്രി പശുക്കളുടെ നീണ്ട് ഇടതൂർന്ന രോമങ്ങൾ നിറഞ്ഞ വാലാണ് അവയുടെ മറ്റൊരു പ്രത്യേകത. അല്പം മുകളിലേക്ക് ഉയർന്നു മുന്നോട്ടുവളയുന്ന രീതിയിലുള്ള കൊമ്പുകളും ഇവയുടെ പ്രൗഡി കൂട്ടുന്നു. കഠിനമായ പരിസ്ഥിതിയിൽ ഇവയെ അതിജീവിക്കാൻ സഹായിക്കുന്നതിലും ഈ കൊമ്പിന് വലിയ പങ്കുണ്ട്. കടുത്ത വേനൽക്കാലങ്ങളിൽ നിളാ നദീതീരവും വില്വാദ്രി കുന്നുകളും വരണ്ടുണങ്ങുമ്പോൾ പച്ചപ്പുല്ല് ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിൽ മരങ്ങളുടെ തൊലി കൊമ്പുകൊണ്ട് കുത്തിയിളക്കി കഴിക്കുന്ന ശീലം വില്വാദ്രി പശുക്കൾക്ക് ഉണ്ട്. വേനൽക്കാലത്ത് അതിജീവിക്കാൻ ഈ ശീലം ഇവയെ സഹായിക്കുന്നതാണ്.
മികച്ച പ്രത്യുൽപാദനക്ഷമത ഉള്ളതും വർഷംതോറും പ്രസവിക്കാൻ കഴിയുന്നതുമായ പശുക്കൾ കൂടിയാണ് വില്വാദ്രി പശുക്കൾ. തമിഴ്നാടിന്റെ തദ്ദേശീയ ഇനമായ ആണ്ടുകണ്ണി പശുക്കൾ കഴിഞ്ഞാൽ എല്ലാവർഷവും പ്രസവിക്കുന്ന ഇനം പശുക്കൾ വില്വാദ്രി പശുക്കൾ ആണെന്നാണ് പറയപ്പെടുന്നത്. മറ്റുപല പശുവിനങ്ങളെയും അപേക്ഷിച്ച് പ്രായമായാലും പ്രസവിക്കാനുള്ള ശേഷിയാണ് വില്വാദ്രി പശുക്കളെ വേറിട്ട് നിർത്തുന്നത്. മികച്ച പാൽ ഉൽപാദനക്ഷമത ഉണ്ടെന്ന് മാത്രമല്ല വളരെ പോഷകഗുണമേറിയ പാൽ കൂടിയാണ് വില്വാദ്രി പശുക്കളുടേത്.
ഒരുകാലത്ത് വില്വാദ്രി കുന്നുകളിൽ ആയിരക്കണക്കിന് പശുക്കൾ മേഞ്ഞു നടന്നിരുന്നതായി ഇവിടെയുള്ള പഴയ തലമുറ ഓർക്കാറുണ്ട്. എന്നാൽ ഇന്ന് പശുക്കളുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുന്നു. തിരുവില്വാമല ഐവർമഠം രക്ഷാധികാരി ആയ രമേഷ് കോരപ്പത്തിന്റെ ഗോശാലയിൽ വളർത്തുന്ന നൂറോളം എണ്ണം വരുന്ന വില്വാദ്രി പശുക്കൾ ആണ് ഈ തനത് വിഭാഗത്തിനെ വംശനാശം വരാതെ പിടിച്ചുനിർത്തുന്നത് എന്ന് പറയാം. പരമ്പരാഗത രീതിയിൽ വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്ന ഏക ഗോശാലയും ഇത് മാത്രമാണ് . ഇന്നും വില്വാദ്രി ക്ഷേത്രത്തിലെ പൂജകൾക്കും ക്ഷേത്ര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഗോശാലയിലെ വില്വാദ്രി പശുക്കളുടെ പാലും പാലുൽപന്നങ്ങളും ആണ്. ഐവർമഠത്തിൽ നടക്കുന്ന സംസ്കാരക്രിയകൾക്കും ഗോശാലയിൽ നിന്നുള്ള പാലുൽപന്നങ്ങൾ തന്നെയാണ് ഉപയോഗിക്കാറുള്ളത്. തദ്ദേശീയ പശുക്കൾ ആയ വില്വാദ്രി പശുക്കളുടെ സംരക്ഷണത്തിനായി ശ്രീ രമേഷ് കോരപ്പത്ത് നടത്തുന്ന വലിയ ശ്രമങ്ങൾക്കുള്ള ആദരവായി 2016ൽ കേന്ദ്രസർക്കാർ അദ്ദേഹത്തിന് ബ്രീഡ് സേവ്യർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഇത്രയേറെ ഗുണഗണങ്ങൾ ഒത്തിണങ്ങിയ വില്വാദ്രി പശുക്കളെ സംരക്ഷിക്കേണ്ടത് ഇന്ന് ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്ന് നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്.
Discussion about this post