തിരുവനന്തപുരം: നഗരത്തിലെ റോഡുകൾ സ്മാർട്ട് ആക്കാനുള്ള പദ്ധതിക്ക് വേണ്ടി അശാസ്ത്രീയവും, ആസൂത്രണ രഹിതവുമായ റോഡ് നിർമ്മാണത്തിലൂടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് സർക്കാരിനെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിന്മേൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത് . കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നഗരസഭാ സെക്രട്ടറിക്ക് നൽകിയിട്ടുള്ളത് .
വലിയ പ്രതിസന്ധിയും ബുദ്ധിമുട്ടുമാണ് തിരുവനന്തപുരം നിവാസികൾക്ക് ആസൂത്രണമില്ലാത്ത ഈ റോഡ് നിർമ്മാണം മൂലം ഉണ്ടായിരിക്കുന്നത്.വീട്ടുകാർക്ക് വലിയ കുഴികൾ ചാടികടന്നു വേണം പുറത്തുപോകേണ്ടത്. പലരും വീട്ടിൽ നിന്ന് കാർ എടുത്തിട്ട് മാസങ്ങളായി. മഴ തുടങ്ങിയതോടെ നിർമ്മാണം നിലച്ചുവെങ്കിലും ഇതോടു കൂടി റോഡിനു വേണ്ടി എടുത്ത കുഴികളിൽ വെള്ളം കയറി അപകടാവസ്ഥയിലാണുള്ളത് . നഗരത്തിലെ 80 റോഡുകളാണ് സ്മാർട്ടാക്കുന്നത്. 273 കോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. സ്കൂളുകളും കോളേജുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ റോഡുകളാണ് കുത്തിപൊളിച്ചവയിൽ ഏറെയും എന്നത് കാര്യങ്ങളെ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
Discussion about this post