ന്യൂയോർക്ക് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ആവശ്യം. ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അറസ്റ്റ് വാറന്റിനായുള്ള അപേക്ഷ ഐസിസി ജഡ്ജിമാരുടെ പാനൽ പിന്നീട് പരിഗണിക്കുന്നതായിരിക്കും.
ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റീൻ, ഹമാസ് നേതാവ് യഹിയ സിൻവർ എന്നിവർക്കെതിരെയും ചീഫ് പ്രോസിക്യൂട്ടർ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് ഇസ്രായേലിലെ ഉന്നത നേതാക്കൾക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ അറസ്റ്റ് വാറന്റ് ആവശ്യം ഉയരുന്നത്. നേരത്തെ യുക്രൈൻ- റഷ്യ യുദ്ധത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഉന്മൂലനങ്ങൾ നടത്തുക, പട്ടിണിക്ക് കാരണമാവുക, മാനുഷിക ദുരിതാശ്വാസ സാമഗ്രികൾ നിഷേധിക്കുക, സംഘർഷങ്ങളിൽ ബോധപൂർവ്വം സാധാരണക്കാരെ ലക്ഷ്യം വയ്ക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post