ന്യൂഡൽഹി : മെച്ചപ്പെട്ട നൂതന സാങ്കേതിക വിദ്യകളുമായി പുതിയ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പഴയതിനേക്കാൾ മെച്ചപ്പെട്ട സീറ്റിംഗ് സൗകര്യവും സുരക്ഷിതത്വവും കൂടുതൽ വേഗതയും ആണ് വന്ദേഭാരതിന്റെ പുതിയ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിലേക്കുള്ള സർവീസിനായിരിക്കും പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഉപയോഗിക്കുന്നത്.
ചെന്നൈയിലുള്ള ഇന്ത്യൻ റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആണ് നൂതന സാങ്കേതികവിദ്യകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസ് നിർമ്മിച്ചിട്ടുള്ളത്. പഴയ വന്ദേഭാരതിനേക്കാൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും എന്നുള്ളതാണ് ഈ പുതുക്കിയ പതിപ്പിന്റെ പ്രത്യേകത. നവീനരീതിയിൽ ഒരുക്കിയിട്ടുള്ള വന്ദേഭാരത് എക്സ്പ്രസിന് മൂന്നു മിനിറ്റിനുള്ളിൽ തന്നെ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ്.
വേഗത വർദ്ധിക്കുന്നതോടെ യാത്രാസമയം ലാഭിക്കാനാവും എന്നുള്ളതാണ് പുതിയ വന്ദേ ഭാരതിന്റെ പ്രധാന സവിശേഷത. പുതിയ ട്രെയിന് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സഞ്ചരിക്കാനായി അഞ്ച് മണിക്കൂറും 25 മിനിറ്റും ആണ് ആവശ്യമുള്ളത്. പഴയ വന്ദേ ഭാരതിനേക്കാൾ 45 മിനിറ്റ് കുറവാണ് ഇത്. വൈകാതെ തന്നെ നൂതന ശൈലിയിൽ നിർമ്മിച്ചിട്ടുള്ള വന്ദേ ഭാരത് ഈ റൂട്ടിൽ സർവീസ് ആരംഭിക്കും എന്നാണ് ഇന്ത്യൻ റെയിൽവേ അറിയിക്കുന്നത്.
Discussion about this post