ഡല്‍ഹി: ഇസ്ലാം മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ് തീവ്രവാദകേസുകളില്‍ പിടിയിലായ 50 പേരെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ബംഗ്ലാദേശില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്നാണ് പ്രചോദനം കിട്ടിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഭവത്തെ കുറച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്.
തീവ്രവാദ കേസുകളില്‍ അറസ്റ്റിലായ 80 പേരെ ചോദ്യം ചെയ്തപ്പോള്‍ അവരില്‍ 50 പേരും നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്നാണ് പ്രചോദനം ലഭിച്ചതെന്ന് മൊഴി നല്‍കി. 2005 മുതല്‍ അറസ്റ്റിലായ നിരോധിത സംഘടനയായ സിമിയുടെയും ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്‌കര്‍ ഇ തൊയിബ എന്നിവയുടെ പ്രവര്‍ത്തകരെയാണ് എന്‍.ഐ.എ ചോദ്യം ചെയ്തത്. എന്നാല്‍ സക്കീര്‍ നായിക്കിന് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന് പറയാറായിട്ടില്ലെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ചില തീവ്രവാദികള്‍ക്ക് സക്കീര്‍ നായിക്ക് പ്രചോദനമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് അഹിര്‍ ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചിരുന്നു.
സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ ഇസ്ലാമിക ഗവേഷണ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ വരുമാന മാര്‍ഗ്ഗത്തെ കുറിച്ചും മുംബയ് പൊലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. സൗദി അറേബ്യയിലാണെന്ന് വിശ്വസിക്കുന്ന നായിക്കും സംഘടനയുടെ അധികൃതരും പുതിയ വെളിപ്പെടുത്തിലിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Discussion about this post