‘തീവ്രഹിന്ദുത്വത്തിലേക്ക് ജനങ്ങളെ കൊണ്ടുപോകാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് സമുദായത്തിനുള്ളില്‍ പ്രതിരോധം വേണം’
തിരുവനന്തപുരം: മതിനിരപേക്ഷതയും സനാതനധര്‍മ്മവും രാജ്യത്തിന്റെ അടിത്തറയാണെന്നും അതില്‍ വിള്ളല്‍ വീഴ്ത്തുന്ന തരത്തില്‍ തീവ്രഹിന്ദുത്വത്തിലേക്ക് ജനങ്ങളെ കൊണ്ടുപോകാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ സമുദായത്തിനുള്ളില്‍ പ്രതിരോധം തീര്‍ക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഹിന്ദുപാര്‍ലമെന്റിന്റെ ആത്മീയ സഭയുടേയും ജനസഭയുടേയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹിന്ദു എന്ന പദം തന്നെ ഇന്ന് ഏറെ ഉത്കണ്ഠയും സംശയങ്ങളും ജനിപ്പിക്കുന്ന പദമായി മാറിയിരിക്കുകയാണ്. ഹിന്ദുസമൂഹത്തിന് തന്നെ ഭീഷണിയാകുന്ന സ്ഥിതിയുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീനാരായണ ഗുരു ആലുവയില്‍ നടത്തിയ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനത്തിന്റെ ശതാബ്ദിയാഘോഷം മതതീവ്രവാദത്തിനും ജാതിചിന്തയ്ക്കുമെതിരായ സാമൂഹ്യബോധവല്‍ക്കരണ അവസരമായി ഉപയോഗിക്കപ്പെടണം. സര്‍ക്കാര്‍ തലത്തില്‍ സാംസ്കാരിക വകുപ്പിന്റേയും ഗ്രന്ഥശാലകളുടേയും സഹകരണത്തോടെ സംസ്ഥാനമെമ്പാടുമായി ആയിരത്തോളം വേദികളില്‍ സംവാദങ്ങള്‍ നടത്തുമെന്നും പന്മനയില് 24 ന് നടക്കുന്ന ചട്ടമ്പിസ്വാമി ജയന്തിയാഘോഷ വേദിയില്‍ ഇതിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post