ഡല്‍ഹി: ആറന്മുള വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെ. കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളം വേണമോ വേണ്ടയോ എന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സമിതികള്‍ പല നിലപാടുകള്‍ സ്വീകരിച്ചാലും അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആറന്മുളയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നതിന് പരിസ്ഥിതി പഠനവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാറിന്റെ വിദഗ്ധ സമിതി പുതിയ അനുമതി നല്‍കിയിരുന്നു. പുതിയ പരിസ്ഥിതി പഠനത്തോടൊപ്പം പൊതുജനാഭിപ്രായം തേടണമെന്നും അതിന്റെ വിശദാംശം പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു. പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാവിഷയങ്ങളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടിരുന്നു.
ഇതിന് പിന്നാലെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ധവെയ്ക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോടാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
Discussion about this post