മുംബൈ: ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന തന്റെ സഹോദരീ പുത്രന്റെ വിവാഹം പാക്കിസ്ഥാനില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്കൈപ്പിലൂടെ കാണുമെന്നു റിപ്പോര്‍ട്ട്. മുംബൈയിലെ വിവാഹ വേദിയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദാവൂദിന്റെ സഹോദരി ഹസീന പര്കറിന്റെ ഇളയ മകന്റെ വിവാഹമാണ് നാളെ നടക്കുന്നത്. മുംബൈയിലെ റസൂല്‍ പള്ളിയിലാണ് വിവാഹചടങ്ങുകള്‍. വൈകിട്ട് മുംബൈയിലെ ആഡംബര ഹോട്ടലില്‍ വിരുന്നു സല്‍ക്കാരവും ഉണ്ട്. വിവാഹ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കാന് മുംബൈയിലെ തന്റെ സഹായിയെയാണ് ദാവൂദ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ദാവൂദിന്റെ സഹോദരന് ഇക്ബാല്‍ കസ്കര്‍, സഹോദരിമാരായ സെയ്റ്റൂണ്‍, ഫര്‍സാന തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കും.
അതേസമയം, വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന അതിഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുംബൈ ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്കി. വിവാഹം അലങ്കോലപ്പെടുത്താന്‍ ദാവൂദിന്റെ എതിരാളികള്‍ ശ്രമിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണിതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post