ഡല്‍ഹി: കശ്മീരില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ പുതിയ നടപടികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി കശ്മിരിന് പുറത്തുനിന്നുള്ള മുസ്ലീം പണ്ഡിതരെയും കശ്മീര്‍ സമൂഹത്തില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്ന മുസ്ലീം നേതാക്കളെയും സമാധാന ചര്‍ച്ചകള്‍ക്കായി നിയോഗിക്കും. ഇത്തരത്തില്‍ 24 പേരുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ 18നും 21 നുമായിരുന്നു ഇവരുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
കശ്മീര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മൂന്ന് തലത്തിലുള്ള പദ്ധതികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. കശ്മീരിലേക്ക് സര്‍വ്വ കക്ഷി സംഘത്തെ അയയ്ക്കല്‍. കശ്മീരില്‍ നിന്നുള്ള പ്രമുഖ നേതാക്കളുടെ പ്രക്ഷോഭകാരികളുമായി കൂടിക്കാഴ്ച, സമാധാന സന്ദേശവുമായി പുരോഹിതരുടെ സംഘത്തെ അയയ്ക്കല്‍ തുടങ്ങിയവയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
അതേസമയം കശ്മീരിലെ ആളുകളെ പാകിസ്താന് ബന്ധം ആരോപിക്കുന്ന മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുസ്ലീം നേതാക്കള്‍ പറഞ്ഞു. ഇന്ത്യ കശ്മീരില്‍ യുദ്ധം നടത്തുകയാണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പരിശോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 900 പേര്‍ക്ക് പോലീസ് നടപടിയില്‍ പരിക്കേല്‍ക്കാനിടയായ സാഹചര്യത്തില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം കുറയ്ക്കാമെന്ന് ആഭ്യന്തര മന്ത്രി 21 നു നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post