ശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ ശ്രീനഗറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ബിഎസ്എഫ് ജവാന്മാരെ വിന്യസിപ്പിച്ചു. 12 വര്‍ഷത്തിനു ശേഷമാണ് ശ്രീനഗറിന്റെ സുരക്ഷ അതിര്‍ത്തിരക്ഷാ സേനയെ ഏല്‍പ്പിക്കുന്നത്. വാണിജ്യ കേന്ദ്രമായ ലാല്‍ ചൗക്കിലും പ്രധാന പ്രശ്ന ബാധിത പ്രദേശങ്ങളിലും സേന നിലയുറപ്പിച്ചു കഴിഞ്ഞു. 4000 ജവാന്മാരാണ് കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നില ഉറപ്പിച്ചിരിക്കുന്നത്.
നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലും വിന്യസിപ്പിച്ചിരിക്കുന്ന സേനയ്ക്ക് പുറമേയാണ് നഗരത്തിന് പ്രത്യേക സുരക്ഷ ഉറപ്പാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രക്ഷോഭകാരികളും സേനയും തമ്മിലുള്ള ഏറ്റു മുട്ടലില്‍ ആയിരകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ സേനയെ വിന്യസിച്ചതിനെതിരെയും എതിര്‍പ്പ് ശക്തമാണ്. ക്രമസമാധാനം നിയന്ത്രിക്കേണ്ട പോലീസുകാര്‍ കൂട്ടമായി സ്റ്റേഷനുകള്‍ ഉപേക്ഷിച്ചു പോകുന്ന അവസ്ഥയും ശക്തമായതോടെയാണ് കൂടുതല്‍ സേനയെ ഇറക്കിയത്.
അക്രമാസക്തരായ ജനകൂട്ടം പോലീസ് സ്റ്റേഷനുകള്‍ അക്രമിക്കുന്നതും തീകൊളുത്തുന്നതും പതിവായതോടെയാണ് പോലീസുകാര്‍ പോകുന്നത്. ശ്രീനഗറിലും പരിസര ഗ്രാമങ്ങളിലുമുള്ള 36 പോലീസ് സ്റ്റേഷനുകളില്‍ മൂന്നെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കള്‍ ലഷ്കറെ തായിബ ക്യാമ്പുകളില്‍ പങ്കെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളും കാശ്മീര്‍ സുരക്ഷയെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.45 ദിവസമായി കര്‍ഫ്യൂ തുടരുകയാണ്.
Discussion about this post