കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ മാറി ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും സ്കൂളുകളിലെ പാഠപുസ്തക വിതരണം പഴയപടി. പിന്നാലെ എല്ലാം നാലുദിവസത്തിനകം ശരിയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പിണറായി സര്‍ക്കാരിനും പാഠപുസ്തകം തലവേദനയായത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കെബിപിഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെബിപിഎസ് പറഞ്ഞതല്ല വസ്തുതകളെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രി രവീന്ദ്രനാഥിന്റെ വിശദീകരണവും.
സംസ്ഥാന സിലബസിലുളള അണ്‍എയ്ഡഡ് സ്കൂളുകളില്‍ മാത്രമാണ് പാഠപുസ്തകം ലഭിക്കാത്തത് എന്നായിരുന്നു കെബിപിഎസിന്റെ വിശദീകരണം. ജൂണ്‍ പകുതി കഴിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളിലെ പുസ്തക വിതരണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചില അണ് എയിഡഡ് സ്കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങളും എട്ടാം ക്ലാസിലെ ബേസിക് സയന്‍സ് പുസ്തകങ്ങളും ലഭിച്ചിരുന്നില്ല.
അണ് എയിഡഡ് സ്കൂളുകളില്‍ നല്‍കാനായി കെബിപിഎസില്‍ അച്ചടി പൂര്‍ത്തിയായ പുസ്തകങ്ങള്‍ ജില്ലകളിലെ ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുണ്ട്. സ്കൂളുകള്‍ പണമടച്ച് ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ റിലീസിംഗ് ഓര്‍ഡറോടെ ഡിപ്പോകളില്‍ നിന്ന് പുസ്തകങ്ങള്‍ കൈപ്പറ്റുകയാണ് ചെയ്യേണ്ടതെന്നും കെബിപിഎസ് പറഞ്ഞിരുന്നു.
എന്നാല്‍ വിതരണം ചെയ്യാനായി 64003 പുസ്തകങ്ങള്‍ കൂടി അച്ചടിക്കാന്‍ ടെക്സ്റ്റ് ബുക്ക് ഓഫിസര്‍ കെബിപിഎസിന് കത്തയച്ചിരുന്നു. ഈ കത്തിന്റെ കോപ്പി മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ആരോപണവും മറുപടിയുമായി പി.കെ അബ്ദുറബ്ബും രവീന്ദ്രനാഥും എത്തിയത്.
Discussion about this post