ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ‘കമ്യൂണിറ്റി സെന്ററുകള്‍’ തുടങ്ങാന്‍ കേന്ദ്ര പദ്ധതി. ‘സദ്ഭാവനാ മണ്ഡപങ്ങള്‍’ എന്ന പേരില്‍ ആയിരം സെന്ററുകളാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഇതുസംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായുള്ള കൂടിയാലോചനയ്ക്ക് കേരളം സന്ദര്‍ശിക്കുമെന്നും നഖ്വി പറഞ്ഞു. ന്യൂനപക്ഷക്ഷേമ പരിപാടികളില്‍ കേരളം മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെന്നും നിലവിലെ ‘മള്‍ട്ടി സെക്ടറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം’ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും നഖ്വി പറഞ്ഞു. ഈ പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമായിട്ടാണ് ‘പ്രധാനമന്ത്രി ജനവികാസ് യോജന’ കൊണ്ടുവരുന്നത്. 6,500 കോടി രൂപയാണ് പദ്ധതിക്ക് നീക്കിവെക്കുക. ഇതില്‍നിന്ന് കേരളത്തില്‍ കമ്യൂണിറ്റി സെന്ററുകള്‍ക്കായി എത്ര കോടി രൂപ ലഭിക്കുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. സംസ്ഥാനം സമര്‍പ്പിക്കുന്ന പദ്ധതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമത്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ദേശീയമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ‘സദ്ഭാവനാ മണ്ഡപങ്ങള്‍’ സ്ഥാപിക്കുക. ഏതെങ്കിലും തരത്തിലുള്ള ദുരന്തമുണ്ടായാല്‍ ഈ സെന്ററുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുത്താനാണിത്. സെന്ററുകള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ സ്ഥലം അനുവദിക്കണം. ഒഴിഞ്ഞസ്ഥലം ഉണ്ടെങ്കില്‍ ലഭ്യമാക്കണമെന്നഭ്യര്‍ഥിച്ച് ന്യൂനപക്ഷ മന്ത്രാലയം റെയില്‍വേക്കും കത്തെഴുതിയിട്ടുണ്ട്. രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ പദ്ധതിക്കുവേണ്ട സ്ഥലങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രമാണ് മേല്‍നോട്ടം വഹിക്കുക.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവാഹം, യോഗങ്ങള്‍ തുടങ്ങി എല്ലാവിധ സാമൂഹിക ചടങ്ങുകളും നടത്താം. നൈപുണ്യപരിശീലനം, പരാതിപരിഹാരം, കൗണ്‍സലിങ്, ചെറിയതോതിലുള്ള കായിക, സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം നല്‍കുന്ന രീതിയിലാണ് ഓഫീസ്, ലൈബ്രറി, വിശാലമായ മുറി എന്നിങ്ങനെയായി സദ്ഭാവന മണ്ഡപങ്ങള്‍ സ്ഥാപിക്കുന്നത്.
ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക പരാതിപരിഹാരസെല്‍ രൂപവത്കരിക്കും. പരാതികള്‍ കേള്‍ക്കാന്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ രൂപീകരിക്കും. 48 മണിക്കൂറിനുള്ളില്‍ പരിഹാരം ഉറപ്പാക്കുന്നതാണ് പരാതി പരിഹാരസെല്‍.
Discussion about this post