കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫിസ് സമയത്ത് ഓണം ആഘോഷിക്കരുതെന്ന് ഉത്തരവിട്ടത് വിവാദമായത് പിന്നാലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്കുളള നിയന്ത്രണം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഏര്‍പ്പെടുത്തിയിരുന്നതായി രേഖകള്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2014-ല്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ ഓണാഘോഷം നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തരവിലെ വാചകങ്ങള്‍ ഇങ്ങനെ, ”സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തി സമയങ്ങളില്‍ ജീവനക്കാര്‍ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, അതുപോലെയുളള മറ്റ് ആഘോഷങ്ങളും നടത്താറുണ്ട്. ഇത് ജീവനക്കാരുടെ ഇടയില്‍ പരസ്പര സഹകരണവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ സഹായകരമാണ്. എന്നിരുന്നാലും ഇത്തരം ആഘോഷവേളകളില്‍ പലപ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ അത്തരം ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തേണ്ടതാണെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നു”.
Discussion about this post