സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗത്തിനിടെ സംഘര്‍ഷം. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് അനുകൂലിച്ച് മുദ്രാവാക്യങ്ങളും ഉയര്‍ന്നു. പട്ടേല്‍ സമുദായ നേതാക്കള്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സദസിലെ കസേരകള്‍ അടിച്ചുതകര്‍ത്തു. 40 പട്ടേല്‍ നേതാക്കളെ അറസ്റ്റ് ചെയ്തു. അമിത് ഷായും കേന്ദ്ര മന്ത്രി പുരുഷോത്തം രൂപാലയും പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. പുതിയ പട്ടേല്‍ മന്ത്രിമാര്‍ക്ക് സ്വീകരണം നല്കുന്ന പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്.
വിജയ് രൂപാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ പട്ടേല്‍ മന്ത്രിമാരെ ആദരിക്കാനായിരുന്നു റാലി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്ക് ആയിരുന്ന പട്ടേല്‍ അഥവാ പാട്ടിദാര്‍ സമുദായം സംവരണ പ്രക്ഷോഭത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അകലുന്നതായുള്ള ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് അനുനയത്തിന്റെ ഭാഗമായി ഇത്തരം പരിപാടികള്‍. കേന്ദ്രമന്ത്രി പുരുഷോത്തം രുപാല പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമിത് ഷാ വേദിയിലെത്തിയത്. ഉടന്‍ ഹാര്‍ദിക്, ഹാര്‍ദിക് എന്ന് പറഞ്ഞ് മുദ്രാവാക്യം മുഴങ്ങി. സംഘര്‍ഷമുണ്ടാക്കിയവരെ പൊലീസെത്തി പുറത്താക്കി. ആറ് മിനിറ്റ് മാത്രമാണ് അമിത് ഷാ സംസാരിച്ചത്. വളരെ കുറച്ച് പേര് മാത്രമേ അപ്പോള്‍ പ്രസംഗം കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.
കോണ്‍ഗ്രസാണ് പരിപാടിക്കിടെ കുഴപ്പമുണ്ടാക്കിയവര്ക്ക് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. അമിത് ഷായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദിക് ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. പട്ടേല്‍ സമുദായം സംവരണം ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തില്‍ തലയിടേണ്ടെന്ന് അമിത് ഷായോട് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവകാശം നേടിയെടുക്കാതെ പ്രക്ഷോഭം അവസാനിക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.
Discussion about this post