ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ശതകോടീശ്വരനായ മുകേഷ് അംബാനി ഇന്ത്യയിൽ ജിയോയ്ക്ക് തുടക്കമിട്ടത്. നെറ്റ്വർക്ക് എടുക്കുന്നവർക്ക് സൗജന്യമായി 4 ജി നെറ്റ് വർക്ക് നൽകിക്കൊണ്ടായിരുന്നു ജിയോയുടെ വരവ്. ഒരു പരീക്ഷണമെന്ന നിലയിലായിരുന്നു പലരും ജിയോ സിം തിരഞ്ഞെടുത്തതെങ്കിലും പതിയെ മറ്റ് സിമ്മുകൾ ഒഴിവാക്കി ജിയോ സിമ്മിനെ തന്നെ ആശ്രയിച്ചുതുടങ്ങുകയായിരുന്നു. ഫ്രീ നെറ്റ്വർക്കിൽ തുടങ്ങിയ ജിയോ ഇന്ന് ടെലികോം മേഖലയിലെ ഭീമൻമാരെ പോലും വെട്ടവീഴ്ത്തിക്കൊണ്ട് സ്വന്തം സാമ്രാജ്യം ഉറപ്പാക്കിയിരിക്കുകയാണ്.
ഇപ്പോഴിതാ ടെലകോം രംഗത്ത് ഇന്ത്യയിലുണ്ടാക്കിയ വിപ്ലവം രാജ്യത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ജിയോ. ഇന്ത്യയ്ക്ക് പുറമേ ആഫ്രിക്കൻ രാജ്യമായ ഘാനയുടെ ടെലകോം മേഖലയെ അടക്കി ഭരിക്കാനുള്ള നീക്കത്തിലാണ് മുകേഷ് അംബാനിയുടെ ഈ കമ്പനി. രാജ്യത്ത് പുതിയ ടെലകോം സർവീസ് ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഘാനയിൽ ജിയോ അവതരിപ്പിക്കുമെന്നാണ് വിവരം. ഇവിടെ 5 ജി നെറ്റ്വർക്ക് ഉൾപ്പെടെ നൽകിയേക്കും.
ഇതിന്റെ ഭാഗമായി റിലയൻസിന്റെ ജിയോ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥതയിലുള്ള Radisys എന്ന കമ്പനി, ടെക് മഹീന്ദ്ര, നോക്കിയ എന്നീ കമ്പനികൾ പുതു തലമുറ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് അഥായത് NGIC വേണ്ടിയാണ് പരസ്പരം കൈ കോർക്കുന്നത്. ഈ സംരംഭത്തിൽ ഘാന സർക്കാർ, അസെൻഡ് ഡിജിറ്റൽ, കെ-നെറ്റ് എന്നിവയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മുകേഷ് അംബാനിയുടെ Radisys, തങ്ങളുടെ 5G സോഫ്റ്റ് വെയർ പങ്കാളിത്തം NGIC ക്ക് വാഗ്ദാനം ചെയ്യും. ജിയോ പ്ലാറ്റ്‌ഫോമിന്റെ 5G software stack ഓപ്പൺ റേഡിയോ ആക്‌സിസ് സാങ്കേതിക വിദ്യയാണ് ഉപോയഗിക്കുന്നത്. ഇതിലൂടെ 5G അധിഷ്ഠിത ഫിക്‌സഡ് വയർലെസ് ആക്‌സിസ് (FWA) ആഫ്രിക്കൻ വിപണികളിൽ ലഭ്യമാക്കാനാണ് റിലയൻസ് ഒരുങ്ങുന്നത്.
വോഡഫോൺ ഘാന, എംടിഎ ഘാന, എയർടെൽ ടിഗോ എന്നീ ടെലകോം ഓപ്പറേറ്റർമാരാണ് നിലവിൽ ഘാനയിൽ പ്രവർത്തിക്കുന്നത്. ടെലികോം ഭീമനായ ജിയോ രാജ്യത്തെത്തുന്നത് മറ്റ് ഓപ്പറേറ്റർമാർക്ക് കനത്ത വെല്ലുവിളി തന്നെയായിരിക്കും. ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള തിരിച്ചടി കൂടിയായിരിക്കും ഘാന ആസ്ഥാനമായ നെക്സ്റ്റ്ജെൻ ഇൻഫ്രാകോയ്ക് – റിലയൻസ് പങ്കാളിത്തം.
അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ യൂണിറ്റായ റാഡിസിസ് കോർപ്പറേഷൻ, എൻജിഐസി ക്ക് നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ, അപ്ലിക്കേഷനുകൾ, സ്മാർട്ട്ഫോണുകൾ എന്നിവ നൽകുമെന്നാണ് റിപ്പോർട്ട്.
വളർന്ന് വരുന്ന വിപണികളിൽ ഒരു വ്യക്തിക്ക് താങ്ങാനാവുന്ന നിരക്കിൽ ടെലകോം സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അംബാനി ഗ്രൂപ്പ് ഘാനയിൽ ജിയോ അവതരിപ്പിക്കുന്നത്. ഈ രീതിയിൽ ഇന്ത്യയിൽ നേടിയ വിജയം ഘാനയിലും ആവർത്തിക്കാനാണ് മുകേഷ് അംബാനിയുടെ ജിയോയുടെയും ലക്ഷ്യം. ഇന്ത്യയിലേത് പോലെ തന്നെയായിരിക്കും ഘാനയിലേയും ജിയോയുടെ വരവ്. ഏറ്റവും കുറവ് ചിലവിൽ അതല്ലെങ്കിൽ സൗജന്യമായി തന്നെ ഘാനയിലും ജിയോ സേവനങ്ങൾ ലഭ്യമാക്കിയേക്കും. 2016ൽ ഇന്ത്യയയുടെ ടെലകോം രംഗത്ത് പിടുത്തമിട്ട ജിയോ ഇന്ന് രാജ്യത്തെ ഒട്ടുമിക്ക ആളുകളും ആദ്യം നിർദേശിക്കുന്ന നെറ്റ്വർക്കായി മാറുകയായിരുന്നു. ഇന്ന് 470 ദശലക്ഷം ഉപയോക്താക്കളാണ് ഇന്ന് ജിയോയ്ക്ക് ഉള്ളത്.
Discussion about this post