ചണ്ഡീഗഡ്: മാനേജർ രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആത്മീയ നേതാവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീമിനെയും മറ്റ് നാല് പേരെയും കുറ്റവിമുക്തരാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
ദേരയുടെ സംസ്ഥാനതല കമ്മിറ്റി അംഗമായിരുന്ന രഞ്ജിത് സിംഗ് 2002-ൽ വെടിയേറ്റ് മരിച്ചു. റാം റഹീം ദേര ആസ്ഥാനത്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെങ്ങനെയെന്ന് വിവരിക്കുന്ന അജ്ഞാത കത്ത് പ്രചരിപ്പിച്ചതിലെ പങ്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
1948 ൽ മസ്താന ബലൂചിസ്ഥാനി എന്ന ആത്മീയ നേതാവ് സ്ഥാപിച്ച സംഘടനയാണ് ദേര സച്ച സൗദ. യഥാർത്ഥ വഴിയിലേക്കുള്ള സംഘം എന്നാണ് ഇതിന്റെ അർത്ഥം . 1990 കളിലാണ് ഗുർമീത് റാം റഹീം സിംഗ് സംഘടനയുടെ തലപ്പത്ത് വരുന്നത്.
2021-ൽ സിബിഐ കോടതി കൊലപാതകക്കേസിൽ റാം റഹീമിനെയും മറ്റ് നാല് പേരെയും കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കത്തിൻ്റെ പ്രചാരത്തിൽ ദേര തലവൻ ക്ഷുഭിതനായിരുന്നുവെന്നും മറ്റ് പ്രതികളുമായി രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും സംശയാതീതമായി തെളിയിക്കപ്പെട്ടതായി പ്രത്യേക കോടതി അഭിപ്രായപ്പെട്ടിരിന്നു.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും ഗുർമീത് റാം റഹീമിൻ്റെ അഭിഭാഷകർ പറഞ്ഞു.
ദേരയിലെ രണ്ട് സാധ്വികളെ ബലാത്സംഗം ചെയ്ത കേസിലും മാധ്യമപ്രവർത്തകൻ രാം ചന്ദർ പ്രജാപതിയെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട് ഗുർമീത് റാം റഹീം നിലവിൽ ജയിലിൽ കഴിയുകയാണ്.
Discussion about this post