ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച ഇടതുപക്ഷ നേതാവും ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റുമായ കനയ്യകുമാറിന് കേള്‍വിക്കാരുടെ കൂവല്‍ കാരണം തന്റെ പ്രസംഗം പാതി വഴിയില്‍ നിര്‍ത്തി വേദി വിട്ട് പോകേണ്ടി വന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യാ ടുഡേ മൈന്‍ഡ് റോക്ക്സ്’ സമ്മിറ്റില്‍ സംബന്ധിച്ച് ആസാദി (സ്വാതന്ത്ര്യം)യെപ്പറ്റി പ്രസംഗിക്കാന്‍ എത്തിയതായിരുന്നു കനയ്യ കുമാര്‍.
പ്രസംഗത്തിനായി കനയ്യ സ്റ്റേജില്‍ കയറിയപ്പോള്‍ തന്നെ കേള്‍വിക്കാര്‍ അസ്വസ്ഥരായിത്തുടങ്ങിയിരുന്നു. ജയിലില്‍ക്കിടന്ന അനുഭവങ്ങള്‍ വര്‍ണ്ണിച്ച കനയ്യ മഹാത്മാഗാന്ധിയും ഭഗത് സിങ്ങും എല്ലാം ജയിലില്ക്കിടന്നിട്ടുണ്ട് എന്ന് പറഞ്ഞു.
ചെറിയ കൂവലുകള്‍ക്കിടയിലും പ്രസംഗം തുടര്‍ന്ന കനയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കാന്‍ തുടങ്ങിയതോടെ സദസ്സു മുഴുവന്‍ കൂവലുകള്‍ കൊണ്ട് നിറഞ്ഞു. തുടര്‍ന്ന് പ്രസംഗം തുടരാന്‍ സാധിക്കാതെ കനയ്യ വേദിവിട്ടു പോവുകയായിരുന്നു.
Discussion about this post