കോഴിക്കോട്: കാല്‍പ്പനിക ആശയങ്ങളില്‍ നിന്ന് പ്രായോഗികതയിലേക്ക് ഇന്ത്യയുടെ വിദേശനയത്തെ പരിവര്‍ത്തിപ്പിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി രാംമാധവ്. ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നലെ ആരംഭിച്ച സെമിനാര്‍ പരമ്പരയില്‍ ‘മോദി സര്‍ക്കാര്‍ വേറിട്ട വിദേശനയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് പതിറ്റാണ്ടുകളായി അയല്പക്ക ബന്ധങ്ങളുടെയും ചേരിചേരാനയത്തിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇന്ത്യയുടെ വിദേശനയം. ഇന്ത്യയ്ക്കാരന്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കാനുള്ള അവസരം ഉണ്ടാക്കി എന്നതാണ് മോദിസര്‍ക്കാരിന്റെ വിദേശനയത്തിന്റെ നേട്ടം. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിദേശനയം ആദ്യ ഊന്നല്‍ നല്‍കിയത്. ഇന്ന് വിദേശരാഷ്ട്രങ്ങളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അഭിമാനപൂര്‍വ്വം താന്‍ ഇന്ത്യക്കാരനാണെന്ന് തലയുയര്‍ത്തി പറയാന്‍ അവസരം കൈവന്നിരിക്കുന്നു. ഏത് അര്‍ദ്ധരാത്രിയിലും പ്രവാസി ഇന്ത്യക്കാരുടെ വിളി കേള്‍ക്കാന്‍ തയ്യാറായി രാജ്യത്തിന് ഒരു വിദേശകാര്യ വകുപ്പ് മന്ത്രിയുണ്ടായി.
വിദേശരാജ്യങ്ങളിലെ വിവിധ വിഭാഗങ്ങളുമായും ഗവേഷകരുമായും സംവാദം നടത്താനും അവരെ യോജിപ്പിക്കാനും അവരുടെ മികച്ച സംഭാവനകള്‍ ഇന്ത്യയുടെ കൂടിയാണെന്ന് ഉറപ്പുവരുത്താനും വിദേശ നയസമീപനത്തിന് കഴിഞ്ഞു. സാംസ്ക്കാരിക മാനബിന്ദുക്കളെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കാനും അതുവഴി അയല്‍ രാജ്യങ്ങളുമായി സുദൃഢബന്ധം സ്ഥാപിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ശക്തമായ അയല്പക്ക ബന്ധത്തിലൂടെ ഒരുമിച്ച് മുന്നേറാമെന്നും വളരാമെന്നുമുള്ള കാഴ്ചപ്പാടാണ് ഇന്ത്യ മുന്നോട്ട് വച്ചത്.
Discussion about this post