അഹമ്മദാബാദ്: വി.എച്ച്.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന നൃത്ത പരിപാടി ഭരൂചിലെ ഗര്‍ഭ ഇവന്റ്സില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്. മുസ്ലീങ്ങള്‍ കൂടി സംഘാടകരായുള്ള ഭരൂചിലെ രണ്ടു ഗര്‍ഭ ഇവന്റ്സിനെതിരെ വി.എച്ച്.പി ഭരൂച് യൂണിറ്റ് രംഗത്തുവരികയായിരുന്നു.
ക്രമസമാധാനം, സുരക്ഷ തുടങ്ങിയ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് മുസ്ലീങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പരിപാടിയുടെ ടിക്കറ്റ് ആവശ്യപ്പെടുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുമെന്ന് ആദ്യ പരിപാടിയുടെ സംഘാടകരായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
റാസ് ഇ ഭരൂച് എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ സംഘാടകരായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഭാഗമായി ഒരു അസിഫ് എന്ന മുസ്ലിം പാട്നര്‍ കൂടിയുണ്ടായിരുന്നു. ബോളിവുഡ് സെലബ്രിറ്റികളുമായി നല്ല ബന്ധമുള്ളതുകൊണ്ടാണ് ഇയാളുമായി പാട്നര്‍ഷിപ്പില്‍ ഏര്‍പ്പെട്ടതെന്നും വി.എച്ച്.പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിപാടിയുടെ ഒറിജിനല്‍ ബാനറില്‍ നിന്നും അസിഫിന്റെ പേര് ഒഴിവാക്കിയിട്ടുണ്ടെന്നും റാസ് ഇ ഭരൂചിന്റെ സംഘാടകനായ ജയദീപ്സിങ് രാജ് അറിയിച്ചു. മുസ്ലീങ്ങള്‍ക്കു ടിക്കറ്റ് വില്‍ക്കില്ലെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ ടിക്കറ്റ് വില്‍ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക ഐക്യം ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന് അസിഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വി.എച്ച്.പി പ്രതിഷേധത്തിനു പിന്നാലെ മുസ്ലീങ്ങളെ പരിപാടി കാണാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു അദ്ദേഹവും രംഗത്തെത്തി. മുസ്ലീങ്ങള്‍ക്കു ടിക്കറ്റ് വില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പരിപാടിയുടെ പ്രധാന സംഘാടകന്‍ താനാണ്. അതുകൊണ്ടുതന്നെ ബാനറില്‍ തന്റെ പേര് വെക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ വി.എച്ച്.പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തന്റെ പേരുമാറ്റാന്‍ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post