ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ മണ്ഡിയിലേക്കാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. ഹിമാചൽ പ്രദേശിലെ നാല് ലോക്സഭാ സീറ്റുകളിൽ ഉശിരൻ പോരാട്ടം നടക്കുന്ന മണ്ഡലമാണ് മണ്ഡി. 37കാരിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്തും 34കാരനും മന്ത്രിയുമായ വിക്രമാദിത്യ സിംഗും അങ്കത്തിനിറങ്ങുന്ന ലോക്സഭാ സീറ്റ്.
സിനിമ മാത്രമല്ല, ജനസേവനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ട് ബിജെപിയ്ക്കായി കങ്കണയിറങ്ങുമ്പോൾ, അങ്കത്തിനായി മണ്ഡിയിലെ രാഷ്ട്രീയ പോർക്കളം ഒരുങ്ങിക്കഴിഞ്ഞു. പോരാട്ടം ജന്മനാടായ മണ്ഡിയ്ക്ക് വേണ്ടിയാകുമ്പോൾ കങ്കണയ്ക്ക് വാശി അൽപ്പം കൂടും. ബിജെപി സ്ഥാനാർത്ഥിയായാണ് കങ്കണ സ്വന്തം ജന്മനാട്ടിൽ ജനവിധി തേടുന്നത്.
ഹിമാചൽ പ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ വ്യക്തിയാണ് കങ്കണ. രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നതിന് മുൻപ് തന്നെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ ഉൾപ്പെടെ സ്വന്തം അഭിപ്രായം വെട്ടി തുറന്നു പറയാൻ കങ്കണ മടി കാണിച്ചിട്ടില്ല. നിലപാടുകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന കങ്കണ, ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും നിറഞ്ഞ് നിൽക്കുകയാണ്. ഹിമാചൽ കോൺഗ്രസിലെ പ്രമുഖ യുവ നേതാവിനെ തിരഞ്ഞെടുപ്പ് ഗോദയിൽ കങ്കണ നേരിടുമ്പോൾ മണ്ഡിയിലെ രാഷ്ട്രീയം പൊടിപാറുമെന്ന് ഉറപ്പ്.
ഒരു കാലത്ത് കോൺഗ്രസിന്റെ സ്വാധീന മേഖലയായിരുന്നു മണ്ഡി. എന്നാൽ 10 വർഷങ്ങൾക്ക് മുൻപ് ഇവിടുത്തെ കാറ്റ് മാറി വീശി. 2014ലും 2019ലും ബിജെപി സ്ഥാനാർത്ഥി രാംസ്വരൂപ് ശർമ്മയാണ് മണ്ഡിയിൽ നിന്ന് ജയിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം വോട്ടുകൾ നേടി ബിജെപി മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. എന്നാൽ, രാംസ്വരൂപ് അന്തരിച്ചതിനെ തുടർന്ന് 2021ൽ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിക്രമാദിത്യ സിംഗിന്റെ അമ്മയും കോൺഗ്രസ് നേതാവുമായ പ്രതിഭ സിംഗിനെ മത്സരിപ്പിച്ച് കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.
നേരിയ ഭൂരിപക്ഷത്തിനായിരുന്നു മണ്ഡി ലോക്സഭാ മണ്ഡലം കോൺഗ്രസിന്റെ കൈകളിൽ എത്തിയത്. ഇത് തിരിച്ചു പിടിക്കാനാണ് ഇത്തവണ കങ്കണയെ നിയോഗിച്ചിരിക്കുന്നത്. മണ്ഡിയിൽ മത്സരിക്കാൻ കോൺഗ്രസിന്റെ സിറ്റിംഗ് എംപി പ്രതിഭാ സിംഗ് മടി കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് മകനും ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയുമായ വിക്രമാദിത്യ സിംഗിന് നറുക്ക് വീണത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച വീരഭദ്ര സിംഗിന്റെ മകൻ കൂടിയാണ് വിക്രമാദിത്യ.
നാല് ലോക്‌സഭാ മണ്ഡലങ്ങളാണ് ഹിമാചലിലുള്ളത്. കംഗ്ര, മണ്ഡി, ഹാമിർപൂർ, ഷിംല എന്നിവയാണ് ഈ നാല് മണ്ഡലങ്ങൾ. മണ്ഡി പോലെ ബാക്കി മൂന്ന് മണ്ഡലങ്ങളിലും ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥികളാണ് കളത്തിലറങ്ങുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് ഹിമാചൽ പ്രദേശിൽ വിധിയെഴുത്ത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ആത്മവിശ്വാസമാണ് മണ്ഡലത്തിൽ കങ്കണയ്ക്ക് കരുത്താകുന്നത്. മണ്ഡിയിൽ കങ്കണയ്ക്ക് വേണ്ടി നരേന്ദ്ര മോദി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതോടെ തന്നെ ഹിമവാന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ ബിജെപി ഏറെക്കുറേ വിജയം ഉറപ്പിച്ച നിലയിലാണ്.
Discussion about this post