ഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ റെയില്‍വേ ബജറ്റ് അവതരണം ഇല്ല. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റ് ഇനി പൊതു ബജറ്റിന്റെ ഭാഗമാകും. ഇതുസംബന്ധിച്ച് ധനമന്ത്രിയുടെ ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി നല്‍കിയ ശിപാര്‍ശക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. റെയില്‍വേയ്ക്ക് മാത്രമായി പ്രത്യേക ബജറ്റ് ഗുണം ചെയ്യില്ലെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍.
1924 മുതലാണ് പാര്‍ലമെന്റില്‍ റെയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന കീഴ് വഴക്കത്തിലും മാറ്റംവരുത്തി. ഇനിമുതല്‍ ഫെബ്രുവരി ഒന്നാം തീയതിയാകും പൊതുബജറ്റ് അവതരിപ്പിക്കുക എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബജറ്റ് അവതരണം സാമ്പത്തിക വര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയായാല്‍ മാര്‍ച്ച് ഒന്നിന് തന്നെ ഫണ്ട് അനുവദിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. കൂടാതെ രാഷ്ട്രീയ സമ്മര്‍ദമില്ലാതെ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. പദ്ധതികള്‍ക്ക് വേണ്ടിയുള്ള രൂപരേഖ തയാറാക്കുമ്പോള്‍ ഫെബ്രുവരി മാസത്തെ കണക്കുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പോരായ്മ. റെയില്‍വേയുടെ റവന്യൂകമ്മിയും മൂലധന ചെലവും ഇനി മുതല്‍ ധനമന്ത്രാലയമായിരിക്കും സമര്‍പ്പിക്കുക.
92 വര്‍ഷമായി പിന്തുടരുന്ന പ്രത്യേക ബജറ്റ് എന്ന കീഴ് വഴക്കമാണ് ഇതോടെ അവസാനിക്കുന്നത്. 1920-21-ല്‍ ബ്രിട്ടീഷ് റെയില്‍വേ സാമ്പത്തിക വിദഗ്ധന്‍ വില്യം അക് വര്‍ത് അധ്യക്ഷനായ പത്തംഗ സമിതിയാണ് റെയില്‍വേക്കായി പ്രത്യേക ബജറ്റ് തയാറാക്കാനുള്ള ശിപാര്‍ശ നല്‍കിയത്. 1924-ല്‍ പ്രാബല്യത്തില്‍ വന്ന ഈ ശിപാര്‍ശ സ്വാതന്ത്രാനന്തരവും ഇന്ത്യ പിന്തുടരുകയായിരുന്നു. അക് വര്‍ത് സമിതി ശിപാര്‍ശ പ്രകാരം ആദ്യ റെയില്‍വേ ബജറ്റ് 1924 മാര്‍ച്ച് 24ന് അവതരിപ്പിക്കപ്പെട്ടു.
2006-2009 കാലയളവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് ഏറ്റവും കൂടുതല്‍ പ്രാവശ്യം (ആറു തവണ) റെയില്‍വേ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 2000-ല്‍ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയാണ് റെയില്‍വേ ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത. കൂടാതെ രണ്ട് വ്യത്യസ്ത മുന്നണികളില്‍ (യു.പി.എ, എന്‍.ഡി.എ) ബജറ്റ് അവതരിപ്പിച്ച ഏക വനിതയും മമതയാണ്.
Discussion about this post