കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന് നാളെ തുടക്കമാകും. ഇന്ന് അധ്യക്ഷന്‍ അമിത് ഷാ എത്തുന്നതോടെ കോഴിക്കോട് പാര്‍ട്ടി ആസ്ഥാനമാകും. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ സെക്രട്ടറി എച്ച്. രാജ തുടങ്ങി ഏതാനും കേന്ദ്രനേതാക്കള്‍ കോഴിക്കോട്ടെത്തി. ജനറല്‍ സെക്രട്ടറിമാരും പാര്‍ട്ടി അധ്യക്ഷനൊപ്പമുണ്ടാകും.
നാളെ രാവിലെ 10 ന് ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ആരംഭിക്കും. മൂന്നുമണിക്കുളള ദേശീയ നേതൃയോഗത്തില്‍ ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റുമാരും സംഘടനാ ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. 24 ന് ഉച്ചവരെയാണ് ഈ യോഗം നീളുന്നത്.
25 ശനിയാഴ്ച 3.45 ന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 5.30 ന് കോഴിക്കോട് കടപ്പുറത്തെ മഹാപൊതുസമ്മേളനത്തിന് അമിത്ഷായോടൊപ്പം വേദിയിലെത്തും.
ശനിയാഴ്ചത്തെ ദേശീയ കൗണ്‍സിലില്‍ പ്രതിനിധികള്‍ 1700 ആണ്. ലോക്സഭാ മണ്ഡലത്തിന് ഒരാള്‍ വീതം. കൂടാതെ മുഴുവന്‍ കേന്ദ്രമന്ത്രിമാരും എംപിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിനിധികളാണ്. ബിജെപിയുടെ 10 മുഖ്യമന്ത്രിമാരും കോഴിക്കോട്ടെത്തും. കേരളത്തില്‍ നിന്ന് 35 പേരാണുള്ളത്. 20 ദേശീയ സമിതി അംഗങ്ങള്‍ക്ക് പുറമെ കോര്‍ കമ്മറ്റി അംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളായ സുരേഷ് ഗോപിയും പ്രൊഫ. റിച്ചാര്‍ഡ് ഹെയുമുണ്ട്. വന്‍ മാധ്യമസംഘമെത്തും. 1967-ല്‍ ജനസംഘം ദേശീയ സമ്മേളനത്തില്‍ 120 പത്രപ്രവര്ത്തകരാണെത്തിയത്. ഇത്തവണ പത്രങ്ങള്‍ കൂടാതെ ടിവി, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. വിദേശ മാധ്യമങ്ങളടക്കം 600 മാധ്യമങ്ങള്‍ക്കാണ് സൗകര്യമൊരുക്കുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷവും കേരളത്തിലെ മാര്‍ക്സിസ്റ്റ് അക്രമവും സമ്മേളനത്തില്‍ ചര്‍ച്ചയാകും. രണ്ടുവര്‍ഷത്തെ ഭരണം വിലയിരുത്തുന്ന സമ്മേളനം വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിക്കും.
Discussion about this post