കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അമിത്ഷായെ വന്‍ വരവേല്പ്പോടു കൂടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി എത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തിയും ചെണ്ട, പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അമിത് ഷായെ പ്രവര്‍ത്തകരും സംസ്ഥാന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചത്.
കടവ് റിസോര്‍ട്ടില്‍ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ജയ് വിളികളോടെ എതിരേറ്റു. ഏരിമല രഘുനാഥ മാരാരുടെ നേതൃത്വത്തില്‍ 15 കലാകാരന്മാര് അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയായിരുന്നു സ്വീകരണം. 150 മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നടത്തി. റിസോര്‍ട്ടിന് മുന്നില്‍ ഒരുക്കിയ അത്തപ്പൂക്കളം സന്ദര്‍ശിച്ച അമിത്ഷാ, ഇത് ഒരുക്കിയവരെ അഭിനന്ദിച്ചു.
അമിത്ഷായ്ക്കൊപ്പം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍, ആയാം പ്രഭാരി അരവിന്ദ് മേനോന് തുടങ്ങിയവരും എത്തിയിട്ടുണ്ട്. നാളെ മുതലാണു യോഗം തുടങ്ങുക. സ്വപ്നനഗരിയിലെ ദീനദയാല്‍ ഉപാധ്യായ നഗറിലാണു ദേശീയ കൗണ്‍സില്‍ ചേരുന്നത്. യോഗം ചേരുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് അമിത് ഷാ ഇന്നെത്തിയത്.
23, 24, 25 തീയതികളിലായാണ് കൗണ്‍സില്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരുമടക്കം രണ്ടായിരത്തോളം പ്രതിനിധികളാണു മൂന്നു ദിനങ്ങളിലായി നടക്കുന്ന ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നത്.
Discussion about this post