ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി മറികടക്കാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശവുമായി പ്രതിരോധ വിദഗ്ദ്ധര്‍. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള കരാര്‍ ഒപ്പുവയ്ക്കാനിരിക്കെയാണ് കൂടുതല്‍ വിമാനങ്ങള്‍ ഇനിയും ആവശ്യമാണെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. ഒരു യുദ്ധമുണ്ടായാല്‍ പാകിസ്ഥാന് ഉയര്‍ത്തുന്ന ഭീഷണി ഇന്ത്യക്ക് മറികടക്കാന്‍ ആകുമെന്നും എന്നാല്‍ ചൈന വെല്ലുവിളിയാണെന്നുമാണ് ഇവര്‍ നല്കുന്ന സൂചനകള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനമേറ്റെടുത്ത ശേഷം പ്രതിരോധ രംഗത്ത് ഏതാണ്ട് 100 ബില്യന്‍ ഡോളറിന്റെ വികസനം നടന്നിരുന്നു. എന്നാല്‍ കാലപ്പഴക്കം ചെന്ന റഷ്യന്‍ നിര്‍മ്മിത മിഗ് വിമാനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പതിയെ ആയത് പ്രതിരോധ രംഗത്തെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയെന്നാണ് ഇവര്‍ നല്കുന്ന സൂചനകള്‍.
അതേസമയം, ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായുള്ള കരാര്‍ ഇന്ത്യ വെള്ളിയാഴ്ച ഒപ്പുവയ്ക്കും. ഇരട്ട എഞ്ചിന് വിമാനങ്ങളാണ് വാങ്ങുന്നത്. വിമാനങ്ങളും അനുബന്ധ ആയുധങ്ങളുമടക്കം 7.8 മില്യണ്‍ യൂറോയുടെ (ഏതാണ്ട് 59,000 കോടി രൂപയിലധികം) കരാറാണ് ഒപ്പുവയ്ക്കുന്നത്. ഇന്ത്യ, ഫ്രഞ്ച് ഗവണ്മെന്റുകള് തമ്മിലുള്ള കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കാബിനറ്റ് അംഗീകാരവും ലഭിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറിന്റേയും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ് ലെ ഡ്രയാന്റേയും സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവയ്ക്കുക. ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങളുടെ എണ്ണത്തിലുള്ള വലിയ കുറവാണ് കരാര്‍ നടപടികള്‍ പെട്ടെന്ന് മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേരകമാകുന്നത്. 42 സ്ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെങ്കിലും വേണമെന്നിരിക്കെ വ്യോമസേനയ്ക്ക് നിലവിലുള്ളത് 33 സ്ക്വാഡ്രണുകള്‍ മാത്രമാണ്. സാധാരണ ഗതിയില്‍ 16 മുതല്‍ 18 വരെ വിമാനങ്ങളാണ് ഒരു സ്ക്വാഡ്രണിലുണ്ടാവുക. കാലപ്പഴക്കം ചെന്ന റഷ്യന്‍ നിര്‍മ്മിത മിഗ് വിമാനങ്ങള്‍ പടി പടിയായി ഡീ കമ്മീഷന് ചെയ്ത് പൂര്‍ണായും ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. റാഫേലിനൊപ്പം, യു.എസ് നിര്‍മ്മിത എഫ് 16, തദ്ദേശീയമായി വികസിപ്പിച്ച തേജസ് എന്നിവയും മിഗിന് പകരം വ്യോമസേനയുടെ ഭാഗമാകും.
റാഫേല്‍ വിമാനങ്ങള്‍ സേനയുടെ ഭാഗമായാല്‍ അത് ദീര്‍ഘദൂര ലക്ഷ്യത്തിലേക്കുള്ള ആക്രമണത്തിന് സഹായകമാകും. ഇപ്പോള്‍ ഇറാഖിലും സിറിയയിലും ബോംബിംഗിനായി ഉപയോഗിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി 3800 കിലോമീറ്ററോളം പറക്കാനാകും. അതായത് എന്തെങ്കിലും ഭീഷണിയുണ്ടായാല്‍ ചൈനയിലെയും പാകിസ്ഥാനിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് കഴിയും.
Discussion about this post