കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട് എത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നാളെ ദേശീയ കൗണ്‍സില്‍ യോഗത്തിലും പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കശ്മീര്‍ പ്രശ്നവും ഉറിയിലെ തീവ്രവാദി ആക്രമണവും ഇന്ത്യ-പാക് ബന്ധവും വിശദമായ ചര്‍ച്ചയാകും.
ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം വിക്രം മൈതാനിയിലെത്തും. തുടര്‍ന്ന് നേരെ കടപ്പുറത്തേക്ക്. 4 മണിയ്ക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പത്ത് ലക്ഷത്തോളം പേരെയാണ് പൊതുസമ്മേളനത്തിലേക്ക് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഉറി ഭീകാരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ രാഷ്ട്രീയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പൊതുസമ്മേളനത്തിന് ശേഷം തളി സാമൂതിരി സ്കൂളില്‍ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, 11 പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ കടപ്പുറത്തെ വേദിയിലുണ്ടാകും.
തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി ക്രൈസ്തവ മത മേലധ്യക്ഷന്മരടക്കമുള്ളവരുമായി ചര്‍ച്ച നടത്തും.
ഞായറാഴ്ച നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ദേശീയത മുദ്രാവാക്യമായി ഉയര്‍ത്തുന്ന ബി.ജെ.പി. രാഷ്ട്രീയപ്രമേയത്തില്‍ കശ്മീര്‍ പ്രശ്നവും ഉറിയിലെ തീവ്രവാദി ആക്രമണവും ഇന്ത്യ-പാക് ബന്ധവും അവതരിപ്പിക്കും. ഇക്കുറി കൗണ്‍സില്‍ യോഗത്തില്‍ രാഷ്ട്രീയപ്രമേയം മാത്രമായിരിക്കും അവതരിപ്പിക്കുക.
പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിക്കു മടങ്ങുക. അതുവരെ കോഴിക്കോട് നഗരം കനത്ത സുരക്ഷാവലയത്തിനുള്ളിലായിരിക്കും. 25 വിഭാഗങ്ങളുള്ള വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വിവരങ്ങള്‍.
പ്രധാനമന്ത്രി എത്തുന്ന ഓരോ ഇടങ്ങളിലെയും സുരക്ഷയ്ക്കായി ‘ആന്റി സബോട്ടാഷ്’ ടീമുകള്‍ തയാറായിരിക്കും. ഏത് പ്രതിസന്ധിയും നേരിടുന്നതിന് ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഓഫീസര്‍മാര്‍ക്കാണ് ആന്റി സബോട്ടാഷ് ടീമുകളുടെ ചുമതല. കരിപ്പൂര്‍ വിമാനത്താവളം സിഐഎസ്എഫിന്റെ നിയന്ത്രണത്തിലായിരിക്കും. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഈ ഏഴ് ഡിവിഷന്റെയും ചുമതല.
Discussion about this post