കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോടെത്തി. നാലരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മോദി അവിടെ നിന്ന് ഹെലിക്കോപ് ടറില്‍ വെസ്റ്റ് ഹില്‍ വിക്രം മൈതാനത്തിറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം സമ്മേളന സ്ഥലമായ കോഴിക്കോട് കടപ്പുറത്തെത്തും.
11 മുഖ്യമന്ത്രിമാര്‍ 25 കാബിനറ്റ് മന്ത്രിമാര്‍ 42 സഹമന്ത്രിമാര്‍ 60 എം.പി.മാരും 300 എം.എല്‍.എമാരുമാണ് ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയിട്ടുണ്ട് മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി ഉച്ചയോടെ കേരളത്തിലെത്തി. അദ്ദേഹം നാലരയോടെ സമ്മേളനസ്ഥലമായ കടപ്പുറത്തെ വേദിയിലെത്തി.
18 സൈനികര്‍ വീരമൃത്യുവരിച്ച ഉറി ഭീകരാക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യപ്രധാന പൊതുപരിപാടിയെ രാജ്യം വീക്ഷിക്കുന്നത് ഏറെ ആകാംക്ഷയോടെയാണ്. പൊതു സമ്മേളനത്തില്‍ മോദി നടത്തുന്ന പ്രസംഗം ഉറി ഭീകരാക്രമണം സംബന്ധിച്ച സര്‍ക്കാരിന്റെ പ്രതികരണമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് സംബന്ധിച്ചും കശ്മീരിലെ വിഘടനവാദ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ശക്തമായ സന്ദേശം അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉറിയില്‍ ആക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടാതെ പോവില്ലെന്ന് ട്വീറ്റിലൂടെ ഉറപ്പുനല്‍കിയാണ് ആണ് മോദി പ്രതികരിച്ചത്. പാകിസ്ഥാനെ ഭീകരരാജ്യമായി വിശേഷിപ്പിച്ചുകൊണ്ട് ബിജെപി നേതാക്കളും രാജ്നാഥ് സിങ്ങ് അടക്കമുള്ള മന്ത്രിമാരും ശക്തമായി പ്രതികരിച്ചിരുന്നു.
Discussion about this post