മോഗ: പഞ്ചാബിലെ മോഗയില്‍ ഗര്‍ഭിണിയായ നഴ്സിനെ മര്‍ദിച്ച കേസില്‍ അകാലിദള്‍ നേതാവ് പരംജിത്ത് സിങ്ങും മകന് ഗുര്‍ജിതും അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായ പരംജിത്ത് സിങ്ങിനെയും ഗുര്‍ജിതിനെയും ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെത്തിയ പരംജിത്ത് സിങ്ങും മകന് ഗുര്‍ജിതും ചേര്‍ന്ന് ഗര്‍ഭിണിയായ നഴ്സിനെ മര്‍ദിക്കുകയായിരുന്നു. ആശുപത്രിയിലെ സി.സി ടിവി കാമറയില്‍ പതിഞ്ഞ മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മോഗയിലെ ഗോയല്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഗിയുടെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് പരംജിത്ത് സിങിനോടും ഗുര്ജിത്തിനോടും നഴ്സ് തങ്ങളുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് അവര്‍ തന്നോട് കയര്‍ക്കുകയും തള്ളി താഴെയിടുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് നഴ്സ് രമണ്‍ദീപ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. രമണ്‍ദീപിന്റെ പരാതിയില്‍ ഇരുവര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 451, 323, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരം ഭഗാപുരാനാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരംജിത്തിന്റെ ഭാര്യ ദല്‍ജിത് കൗര്‍ ഗ്രമമുഖ്യയാണ്.
Discussion about this post