മംഗളൂരു : ഇന്ത്യയില്‍ താമസിച്ചുകൊണ്ട് പാകിസ്ഥാനെ പുകഴ്ത്തുന്നവരെ ചെരുപ്പിനടിച്ച ശേഷം അവിടേക്ക് നാടുകടത്തണമെന്നു പറഞ്ഞ വിഎച്ച്പി നേതാവ് സാധ്വി ബാലികാ സരസ്വതിയുടെ പ്രസംഗം വിവാദമാവുന്നു.മാര്‍ച്ച് ഒന്നിന് മംഗളുരില്‍ നടന്ന ഹിന്ദു സമാജോത്സവത്തില്‍ വച്ചായിരുന്നു മധ്യപ്രദേശില്‍ നിന്നുളള നേതാവ് സാധ്വി ബാലികാസരസ്വതിയുടെ വിവാദ പ്രസംഗം.
ഇന്ത്യയില്‍ തിന്നു കഴിയുകയും പാകിസ്ഥാനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവരെ ചെരുപ്പുകൊണ്ട് അടിക്കുകയും ആ രാജ്യത്തേക്ക് നാടുകടത്തുകയും വേണമെന്നായിരുന്നു ബാലിസാസരസ്വതി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. ലവ് ജിഹാദിനെതിരെയും സാധ്വി ആഞ്ഞടിച്ചു. ലവ് ജിഹാദ് നടത്തുന്നവര്‍ക്കെതിരെ മിണ്ടാതിരിക്കുമെന്നു കരുതേണ്ട. കണ്ണിനു പകരം കണ്ണുതന്നെ ഞങ്ങളെടുക്കും. സമാധനത്തിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയതെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ നിങ്ങള്‍ക്കു സമാധാനമില്ലെങ്കില്‍ ഞാന്‍ പറയുകയാണ് നമുക്ക് ആയുധങ്ങള്‍ എടുക്കേണ്ടി വരും.ലൗ ജിഹാദിനെ കുറിച്ചുളള പരാമര്‍ശത്തിനിടെയായിരുന്നു സാധ്വിയുടെ വിവാദപരമായ ഈ പ്രസ്താവന.
നാം ആയുധങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു. ഹിന്ദുക്കള്‍ അയോധ്യയില്‍ മാത്രമല്ല ഇസ്ലാമബാദിലും രാമക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച ശേഷം അവിടെ പോയി പൂജകള്‍ നടത്തണമെന്നും സാധ്വി തന്റെ പ്രസംഗത്തില്‍ പറഞ്ഞതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതേ പ്രസംഗത്തില്‍ തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ഹിന്ദുക്കളോട് ഇവര്‍ പറഞ്ഞിരുന്നു. ഇസ്‌ലാമാബാദിലും ക്ഷേത്രം പണിയണം. തുടര്‍ന്ന് ഇവിടെ നിന്നുള്ളവര്‍ അവിടെ ചെന്ന് പൂജകളും അര്‍ച്ചനയും നടത്തണമെന്നും അവര്‍ പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം, വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ സാധ്വിയുടെ പ്രസംഗത്തില്‍ ഇതുവരെ ആരും പരാതി തന്നിട്ടില്ലെന്നും എന്തെങ്കിലും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.മുരുകന്‍ പറഞ്ഞു. പൊലീസ് സ്വയം കേസെടുക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അദദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post