കൊച്ചി: കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിനും കുടുംബത്തിനും 40 കോടിയുടെ അനധികൃത ആസ്തിയുണ്ടെന്ന് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. ആദായനികുതിവകുപ്പ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് ആദായനികുതിവകുപ്പ് കേസെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഷിബു തെക്കുംപുറത്തിന്റെ കെഎല്‍എം ഗ്രൂപ്പ് എന്ന ധനകാര്യസ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 180 കോടിയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പല നിക്ഷേപങ്ങളും വ്യാജവിലാസത്തിലാണ് നിക്ഷേപിച്ചതെന്നും കണ്ടെത്തി. ഒരുകോടിയില്‍ കൂടുതല്‍ തുക നിക്ഷേപിച്ചവരെ ആദായനികുതിവകുപ്പ് ചോദ്യംചെയ്തുവരികയാണ്. ഇതുവരെ ചോദ്യംചെയ്ത ചിലര്‍ തങ്ങള്‍ക്ക് അങ്ങനെയൊരു നിക്ഷേപമില്ലെന്ന് വ്യക്തമാക്കിയതായാണ് സൂചന. ദരിദ്രകുടുംബങ്ങളുടെ പേരില്‍പ്പോലും ഇങ്ങനെ ലക്ഷങ്ങളുടെ നിക്ഷേപമുണ്ട്.
വ്യാജനിക്ഷേപമെന്നു കണ്ടെത്തിയ പണമെല്ലാം കമ്പനിയുടെ വരവില്‍വച്ച് അതിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി തട്ടിപ്പിന് കേസും ചുമത്തുമെന്ന് ആദായനികുതിവകുപ്പു വൃത്തങ്ങള്‍ പറഞ്ഞു.
ഷിബു ചെയര്‍മാനായ പണമിടപാടു സ്ഥാപനം കെഎല്‍എം ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഒരേസമയം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കോതമംഗലത്തെ പ്രധാന ഓഫീസ്, കലൂരിലെ കോര്‍പറേറ്റ് ഓഫീസ്, പിറവം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, അങ്കമാലി തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ശാഖകളിലും ഷിബു തെക്കുംപുറത്തിന്റെ കോഴിപ്പിള്ളിയിലെ വീട്ടിലുമായിരുന്നു പരിശോധന.
കെഎല്‍എം ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോതമംഗലം വിമലഗിരി ജങ്ഷനിലുള്ള ടിയാന ജ്വല്ലറി, കെഎല്‍എം ഡയറക്ടര്‍മാരിലൊരാളുടെ കോതമംഗലത്തെ പണമിടപാടുസ്ഥാപനം എന്നിവിടങ്ങളിലും പരിശോധന നടത്തി. ചിട്ടി, സ്വര്‍ണപ്പണയ വായ്പ, വ്യക്തിഗത, ബിസിനസ് വായ്പകള്‍, വിദേശനാണ്യ വിനിമയം, ഓഹരി, നിക്ഷേപങ്ങള്‍ തുടങ്ങിവയാണ് കെഎല്‍എം ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക ഇടപാടുകള്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഡയറക്ടര്‍മാരായ കമ്പനിയുടെ ചെയര്‍മാനാണ് ഷിബു.
പണമിടപാടുകളില്‍ സുതാര്യതയില്ലെന്ന് ആദായനികുതിവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് എം നേതൃത്വവുമായി അടുപ്പമുള്ള പലര്‍ക്കും സ്ഥാപനത്തില്‍ പങ്കാളിത്തവും നിക്ഷേപവും ഉള്ളതായി അറിയുന്നു.
Discussion about this post