ഡല്‍ഹി: ഒറ്റത്തവണ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം സെപ്തംബര്‍ 30വരെ 65,250 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കപ്പെട്ട അനധികൃത സ്വത്ത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നതോടെ തുക ഇനിയും ഉയരുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നികുതിയും പിഴയും ഇനത്തില്‍ 45ശതമാനം കേന്ദ്ര സര്‍ക്കാരില്‍ എത്തുമെന്നും മന്ത്രി വെളിപ്പെടുത്തി. കള്ളപ്പണം പിടിച്ചെടുക്കാനുള്ള പുതിയ നിയമം 2015 ജൂലായ് ഒന്നിനാണ് നിലവില്‍ വന്നത്.
വിദേശത്തുള്‍പ്പെടെയുള്ള സ്വത്ത് വെളിപ്പെടുത്തി കുടിശ്ശികയടക്കം നികുതിയും പിഴയും അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. വെളിപ്പെടുത്താത്തവരുടെ വിവരം സര്‍ക്കാര്‍ തന്നെ കണ്ടെത്തി വെളിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഇനിയും വെളിപ്പെടുത്താത്തവരെ കാത്ത് വന്‍ശിക്ഷയാണുള്ളത്. ഇവര്‍ 120 ശതമാനം നികുതിയും പിഴയും അടയ്ക്കുന്നതിനൊപ്പം 10 കൊല്ലം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. 1997-ല്‍ പ്രഖ്യാപിച്ചതു പോലുള്ള പൊതുമാപ്പ് പദ്ധതിയല്ല ഇതെന്ന് ആവര്‍ത്തിച്ച മന്ത്രി അന്ന് 9760 കോടിയാണ് നികുതിയിനത്തില്‍ ലഭിച്ചതെന്നും പറഞ്ഞു. നികുതിയിനത്തില്‍ സര്‍ക്കാരിലെത്തുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുകയും ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി രൂപയാണ് ഇത്തരത്തില്‍ പലരും വെളിപ്പെടുത്തിയിരിക്കുന്നത്. ചിലത് അതിനും മുകളിലേക്കോ താഴേക്കോ പോവും. പദ്ധതി ഉപയോഗിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഒരു കാരണവശാലും പുറത്ത് വിടില്ല. പദ്ധതിയിലൂടെ 30,000 കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്. സെപ്തംബര്‍ 2017 വരെ മൂന്ന് തവണകളായി പണം ഒടുക്കാം. ഈ വര്‍ഷം നവംബര്‍ മാസത്തോടെ ആദ്യ തവണത്തെ 25 ശതമാനം ഒടുക്കാം. 2017 മാര്‍ച്ചോടെ അടുത്ത 25 ശതമാനവും ഒടുക്കാനാവും. 2017 സെപ്തംബര്‍ 30ഓടെ ശേഷിക്കുന്ന തുകയും ഒടുക്കാമെന്ന് ജെയ്റ്റ്‌ലി വിശദീകരിച്ചു.
Discussion about this post