ദിമാപൂര്‍: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജനക്കൂട്ടം സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച് മാനഭംഗക്കേസ് പ്രതിയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. ഏഴുകിലോമീറ്ററോളം വലിച്ചിഴച്ചശേഷമായിരുന്നു ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്കു ശേഷം ദിമാപൂര്‍ ജയിലിലേക്ക് കുതിച്ചെത്തിയ ജനക്കൂട്ടം സുരക്ഷാ ജീവനക്കാരെ മറികടന്നാണ് മാനഭംഗക്കേസ് പ്രതിയായ സയീദ് ഫാരിദ് ഖാനെ പിടിച്ചുകൊണ്ടുപോയത്. ദിമാപൂരിലെ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
ബംഗ്ലദേശി കുടിയേറ്റക്കാരനാണ് കൊല്ലപ്പെട്ട സയീദ് ഫാരിദ് ഖാന്‍. കഴിഞ്ഞ മാസം 24നാണ് നാടിനെ നടുക്കിയ ബലാത്സംഗക്കേസ് ഉണ്ടായത്. തുടര്‍ന്ന് നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷനും ചില സംഘടനകളും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിരുന്നു. ഈ റാലിക്കിടയിലാണ് ജനക്കൂട്ടം ജയിലിലേക്ക് ഇരമ്പിയെത്തിയത്. തുടര്‍ന്ന് സയീദ് ഫാരിദ് ഖാനെ നഗ്നനാക്കി പുറത്തേക്ക് വലിച്ചിഴച്ചു.
നഗരത്തിലെ ക്ലോക്ക് ടവറിനടുത്തേക്ക് വലിച്ചിഴയ്ക്കുന്നതിനിടയില്‍ തൊഴിച്ചും കല്ലെറിഞ്ഞും ജനക്കൂട്ടം ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നീക്കം ചെയ്യാന്‍ പൊലീസ് ശ്രമിച്ചതോടെ ജനക്കൂട്ടം പൊലീസിനു നേരെയും കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും വെടിവയ്ക്കുകയും ചെയ്തു.
കൊല്ലപ്പെട്ട സയീദിന്റെ കടയ്ക്കും സമീപത്തെ കടകള്‍ക്കും ജനക്കൂട്ടം തീവച്ചു. കേസിലുള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. മേഖലയില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post