പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിഎംഒ വഴി ഈ ഓപ്പറേഷന് നിര്‍ദേശം നല്കി. നോര്‍ത്തേണ്‍ കമാന്റിലെ രണ്ട് യൂണിറ്റില്‍ നിന്നുള്ള സ്പെഷ്യല്‍ ഫോഴ്സാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഉദ്ധംപൂരിലുള്ള 9പാരാ, 4പാരാ കമാന്റോസില് നിന്നുള്ളവരായിരുന്നു ഇവര്‍. തീവ്രവാദികളെ വകവരുത്തുന്നതില്‍ വൈദഗ്ധ്യമുള്ളവരെ അയക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഉറി, പൂഞ്ച്, ഭിംബര്‍ തുടങ്ങി നിയന്ത്രണരേഖയോട് ചേര്‍ന്ന് പാകിസ്ഥാന്റെ ശക്തമായ നിരീക്ഷണങ്ങള്ക്കിടയിലൂടെ പോയി ഓപ്പറേഷന് നടത്താനായിരുന്നു ആസൂത്രണം അതുകൊണ്ടു തന്നെ വിദഗ്ധരെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
100സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 24പേര് സ്പെഷ്യല്‍ ഫോഴ്സില്‍ പെട്ടവരായിരുന്നു. ഈ 24പേര്, 12 പേര്‍വീതമുള്ള രണ്ട് സംഘമായി പിരിഞ്ഞു. ഇവരെ കേല്‍, തുത്മാരി ഗലി, നാന്ഡഗി ടെക്രി, ബാല്‍നോയി പോസ്റ്റ് എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നായി നിയന്ത്രണരേഖയ്ക്കടുത്ത് എത്തിച്ചു. ഈ സ്പെഷ്യല്‍ ഫോഴ്സിന് ‘കവര്‍’ നല്കുന്നതിനായിപാക് പോസ്റ്റുകളില്‍ ഇന്ത്യന്‍ സേന ഷെല്ലിംഗും നടത്തി. നിയന്ത്രരേഖയില്‍ 250 കിലോമീറ്റര്‍ വ്യാപ്തിയിലായിരുന്നു ഈ ഷെല്ലിംഗ്. അര്‍ധരാത്രിയോടെ തെരഞ്ഞെടുത്ത ലോഞ്ച് പാഡുകളിലേക്ക് കമാന്റോകള്‍ യാത്രതിരിച്ചു.
അതിര്‍ത്തി കടന്ന് വനത്തിലൂടെ രാത്രി കാഴ്ചാ ഉപകരണങ്ങളുടെയും,ഇസ്രായേലി ടവോര്‍ റൈഫിളുകളുടെയും സഹായത്തോടെയായിരുന്നു സഞ്ചാരം. തീവ്രവാദി കേന്ദ്രങ്ങളില്‍ എത്തിയയുടന്‍, റഷ്യന്‍ നിര്‍മ്മിതമായ ഫ്ലെയിം ത്രോവേഴ്സ് കെട്ടിടത്തിനകത്തേക്ക് എറിഞ്ഞു. 3000 ഡിഗ്രീവരെ കടുത്ത ചൂട് ഉണ്ടാക്കുന്നതാണ് ഫ്ലെയിം ത്രോനേഴ്സ്. കെട്ടിടങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.
നാല് മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ഇത്തരത്തിലുള്ള അഞ്ചോളം തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തു. 50 ഓളം തീവ്രവാദികളെ വധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഓപ്പറേഷന് ശേഷം ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് ഇവര്‍ വിവരമറിയിച്ചത്. പിന്നീട് തിരികെ, ഇന്ത്യയിലേക്ക്. തീവ്രവാദികള്‍ പൊതുവെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന വഴിയിലൂടെയാണ് ഇന്ത്യന്‍ സൈനികര്‍ തിരികെ നിയന്ത്രണരേഖ കടന്നത്. നിയന്ത്രണ രേഖ കടന്നയുടന്‍ തന്നെ, ഹെലികോപ്റ്ററില്‍ ഇവരെ തിരികെ ഉദ്ധംപൂരിലെത്തിച്ചു.
Discussion about this post