ഡല്‍ഹി: ഡല്‍ഹിയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച 22 വിമാനത്താവളങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം കൂടാതെ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലാണ് തീവ്രവാദി ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവള സുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിമാന കമ്പനികള്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പും നല്‍കിക്കഴിഞ്ഞു.
വിമാനയാത്രികരുടെ ബാഗുകളും മറ്റ് ലഗ്ഗേജുകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. പാക് മേഖലയില്‍നിന്ന് നൂറോളം തീവ്രവാദികള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നതിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ കുപ്വാരയിലെ സൈനിക താവളത്തില്‍ ആക്രമണത്തിന് ശ്രമിച്ച മൂന്ന് പാകിസ്താന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
രാജ്യം നവരാത്രി ആഘോഷിക്കുന്ന വേളയില്‍ രാജ്യമെമ്പാടും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമെയാണ് പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യാക്രമണ സാധ്യത മുന്നില്‍ക്കണ്ട് വിമാനത്താവളങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നത്.
Discussion about this post