ഡല്‍ഹി: പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാനായി ഇസ്രായേല്‍ മാതൃകയില്‍ ഇരുമ്പുവേലിയും മതിലും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആശയവിനിമയം നടത്തിയതായാണ് സൂചന. ഇസ്രായേല്‍ മാതൃകയില്‍ വേലി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് രാജ്നാഥ് സിംഗ് നേരത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
2014 നവംബറില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കവെയാണ് രാജ്നാഥ് സിംഗ് ഗാസയിലെ ഇരുമ്പുവേലി കാണാനിടയായത്. നുഴഞ്ഞുകയറ്റം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനായി ഹൈ ക്വാളിറ്റി ലോംഗ് റേഞ്ച് കാമറകള്‍, രാത്രി നിരീക്ഷണത്തിനായി മൂന്നാം തലമുറയില്‍പ്പെട്ട തെര്‍മല്‍ ഇമാജിനേഴ്സ് തുടങ്ങിയ സംവിധാനങ്ങളാണ് ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഉപയോഗിക്കുന്നത്. ഇത് ഇന്ത്യന്‍ അതിര്‍ത്തിയിലും നടപ്പാക്കാനാകുമോ എന്നാണ് ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നത്. ഇസ്രായേല്‍ മോഡല്‍ അതിര്‍ത്തി വേലിയ്ക്ക് എല്ലാവിധ സാങ്കേതിക സഹായവും നല്‍കാമെന്ന് സന്ദര്‍ശനത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു രാജ്നാഥ് സിംഗിന് ഉറപ്പു നല്‍കിയിരുന്നു. ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കണമെന്ന നിലപാടിലാണ് പ്രധാനമന്ത്രി.
ഗുജറാത്തില്‍ നിലവില്‍ 249 കിലോമീറ്റര്‍ ഭാഗത്ത് അതിര്‍ത്തിയില്‍ വേലി ഒന്നും തന്നെയില്ല. ഈ ഭാഗം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി ഭീകരര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുവരികയാണ്. ഇവിടെ വേലി നിര്‍മ്മിക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയും, ആനന്ദി ബെന്‍ പട്ടേലും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 512 കിലോമീറ്ററാണ് ഗുജറാത്ത് പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നത്.
Discussion about this post