ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ജൂൺ നാലിന് പുറത്തുവരാൻ പോകുന്ന അന്തിമ ഫലത്തിന്റെ ഏകദേശ രൂപം ഇന്ന് പുറത്തുവരുന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിന്നും വ്യക്തമാകും. എക്‌സിറ്റ് പോൾ ഫലങ്ങളെ വലിയ ആകാംക്ഷയോടെയാണ് ബിജെപി കാണുന്നത്. എന്നാൽ തോൽവി ഉറപ്പിച്ച കോൺഗ്രസ് ആകട്ടെ എക്‌സിറ്റ് പോൾ ഫലത്തെ പോലും ഭയക്കുന്നു എന്ന് വേണം കരുതാൻ.
എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്നും മറ്റ് സംവാദങ്ങളിലും നിന്നും വിട്ടു നിൽക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മണിക്കൂറുകൾക്ക് മുൻപേ തന്നെ ചർച്ചകൾ ബഹിഷ്‌കരിക്കുന്നതായുള്ള പ്രഖ്യാപനം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ പവൻ ഖേര നടത്തിക്കഴിഞ്ഞു. മാദ്ധ്യമങ്ങൾ ടിആർപി റേറ്റിംഗ് കൂട്ടാൻ വേണ്ടിയാണ് ഇത്തരം ചർച്ചകൾ നടത്തുന്നത് എന്ന് പറയുന്ന കോൺഗ്രസ്, അന്തിമ ഫലം വരുന്ന ജൂൺ നാലിന് കാണാമെന്നും വെല്ലുവിൡക്കുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് പൂർത്തിയാകും മുൻപേ പരാജയം ഉറപ്പിച്ച് എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്നും വലിഞ്ഞ കോൺഗ്രസിന് ചുട്ട മറുപടി നൽകുന്നുണ്ട് ബിജെപി.
തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും സ്വന്തമാക്കും എന്ന് പറഞ്ഞ കോൺഗ്രസിന് നിലവിലെ സാഹാചര്യം എന്തെന്ന് നന്നായി അറിയാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. കോൺഗ്രസിന് തോൽവി മാത്രം ആകും എക്‌സിറ്റ് പോളുകൾ പ്രവചിക്കുക. അതിനാലാണ് ബഹിഷ്‌കരിക്കുമെന്ന ആഹ്വാനം. ഇതിന് മുൻപും എക്‌സിറ്റ് പോളുകൾ നടന്നിട്ടുണ്ട്. എന്നാൽ ഇക്കുറി തോൽവി സുനിശ്ചിതമാണെന്ന് കോൺഗ്രസിന് അറിയാം. അതിനാലാണ് അവർ എക്‌സിറ്റ് പോളുകൾ ബഹിഷ്‌കരിക്കുന്നത് എന്നും അമിത് ഷാ വ്യക്തമാക്കുന്നു.
കോൺഗ്രസിന്റെ നിലപാടിനെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും രംഗത്ത് എത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ ഈ പ്രഖ്യാപനത്തിൽ പുതുമയില്ലെന്നാണ് നദ്ദ പറയുന്നത്. കളിപ്പാട്ടം നഷ്ടമായ കുട്ടിയെ പോലെയാണ് ഇപ്പോൾ കോൺഗ്രസ്. ഫലം തങ്ങൾക്ക് അനുകൂലമാകില്ലെന്ന ഘട്ടങ്ങളിൽ ഒഴിവാകുന്നത് കോൺഗ്രസിന്റെ പതിവ് രീതിയാണെന്നും നദ്ദ പരിഹസിക്കുന്നു.
ബിജെപി നേതാക്കളിൽ നിന്നും മാത്രമല്ല രാജ്യത്തെ സാധാരണ ജനങ്ങളിൽ നിന്നും കോൺഗ്രസ് വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. കോൺഗ്രസിന്റേത് ഒളിച്ചോട്ടമാണെന്നാണ് പൊതുജന സംസാരം. എന്തായാലും കോൺഗ്രസിന്റെ ഭയം സത്യമാകുമോയെന്ന് എക്‌സിറ്റ് പോൾ ഫലം പുറത്തുവരുമ്പോൾ അറിയാം.
Discussion about this post