ഡല്‍ഹി: തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് ഗോവയില്‍ ഇന്നാരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ ഉന്നയിക്കാന്‍ സാധ്യത. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരരെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെടും.
ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിലങ്ങുതടിയായി നില്‍ക്കുന്ന അന്താരാഷ്ട്ര, മേഖലാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബ്രിക്‌സ്, ബിംസ്റ്റെക് ഉച്ചകോടികളില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) തമ്മിലെ ബന്ധം ശക്തമാക്കാനും വികസനം, സുസ്ഥിരത, നവീകരണം എന്നീ പൊതു ലക്ഷ്യങ്ങള്‍ നേടാനും ഉച്ചകോടി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക് ഗോവ ഉച്ചകോടിയില്‍ തുടക്കം കുറിക്കും. ബ്രിക്‌സ് ഉച്ചകോടിയുടെ അവസാനം പുറത്തിറക്കുന്ന പ്രസ്താവനയില്‍ ഭീകരതക്കെതിരെ രൂക്ഷമായ വിമര്‍ശമുണ്ടാകുമെന്ന് ഇന്ത്യ ഉറപ്പുവരുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭീകരത ആഗോള തലത്തിലുള്ള പ്രശ്‌നമാണെന്നും ഇത് ഒറ്റക്ക് പരിഹരിക്കാനാവില്‌ളെന്നും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി പറഞ്ഞു.
ലോക ജനസംഖ്യയില്‍ മൂന്നില്‍ രണ്ടിനെയും പ്രതിനിധാനംചെയ്യുന്ന കൂട്ടായ്മ പരസ്പര സഹകരണത്തിലൂടെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കും. റഷ്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് പുടിനുമായുള്ള ചര്‍ച്ചയിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ബ്രസീല്‍ പ്രസിഡന്റ് മിഷേല്‍ ടമറിന്റെ സന്ദര്‍ശനം സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post