കണ്ണൂര്‍: ആവശ്യപ്പെട്ട ഭൂമി സൗജന്യമായി നല്‍കാത്തതിന് സിപിഎം പ്രവര്‍ത്തകര്‍ വീട് തല്ലിതകര്‍ത്ത് കുടിയിറക്കി എന്ന ആരോപണവുമായി പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റിയംഗം കൂടിയായിരുന്ന യുവതി രംഗത്തെത്തി.
ഒമ്പതുവര്‍ഷം സി.പി.എമ്മിന്റെ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ബ്രാഞ്ച് അംഗമായിരുന്നു ഇരുന്നാലിയത്ത് അനിതയാണ് സംഭവം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. ഭര്‍ത്താവ് കാഞ്ഞാന്‍ ദിനേശന്‍ സി.ഐ.ടി.യു. അംഗവും ചെത്തുതൊഴിലാളിയുമാണ്. എന്നിട്ടും, കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ഇവരുടെ വീട് പൂര്‍ണമായും തകര്‍ത്തു.ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. തനിക്ക് നേരിട്ട് അറിയാവുന്ന സഖാക്കളാണ് എല്ലാം ചെയ്തതെന്ന് അനിത പറയുന്നു.
‘ ഒരിക്കല്‍ രണ്ടുസെന്റ് ഭൂമി സൗജന്യമായി നല്‍കി പണിത പാര്‍ട്ടി നിയന്ത്രണത്തിലുള്ള ക്ലബ്ബിന് ഇനിയും രണ്ടുസെന്റുകൂടി സൗജന്യമായി നല്‍കണമെന്ന് പറഞ്ഞപ്പോള്‍ വിയോജിപ്പ് അറിയിച്ചു. ഇത് കിടപ്പാടം തല്ലിത്തകര്‍ത്ത് കുടിയിറക്കാന്‍മാത്രം വലിയ തെറ്റായിരുന്നോ -അനിത ചോദിക്കുന്നു. വീട് തല്ലിതകര്‍ത്തത് ആര്‍എസ്എസ് വൈരാഗ്യത്തിന്റെ ഭാഗമായാണ് എന്ന വരുത്തിതീര്‍ക്കാനുള്ള ശ്രമമാണെന്നും അനിത പറയുന്നു.
മകളുടെ വിവാഹത്തിന് മുമ്പാണ് വീട് നവീകരിച്ചത്. ആ വീടാണ് ഒരു മൊട്ടുസൂചിപോലും ബാക്കിവെക്കാതെ തകര്‍ത്തത്. പഠനത്തിലും പാഠ്യേതര മേഖലയിലും മികവുതെളിയിച്ച മകള്‍ക്ക് നിരവധി ട്രോഫികള്‍ ലഭിച്ചിരുന്നു. ഇത് ഒന്നൊഴിയാതെ തല്ലിതകര്‍ത്തു. കേറിക്കിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാക്കി വീട്. ഇപ്പോള്‍ പിണറായിലെ കുടുംബവീട്ടിലാണ് താമസിക്കുന്നതെന്നും അനിത പറഞ്ഞു.
പണ്ട് സെന്റ് ഭൂമി കബ്ബിന് നല്‍കിയിരുന്നു, എന്നിട്ടും പണ്ട് സെന്റ് കൂടി സൗജന്യമായി ആവശ്യപ്പെട്ടു. അധികമായി ഭൂമി വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൈയേറി കെട്ടിടം നിര്‍മിക്കാന്‍ തുടങ്ങി. ഇതിനെതിരെ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. പിന്നീട്, ഞങ്ങള്‍തന്നെ സ്ഥലംകൊടുത്ത് പണിത ഒരു ക്ലബ്ബ് നശിച്ചുപോകരുതെന്ന് തോന്നിയതിനാല്‍ സ്റ്റേ ഒഴിവാക്കി. ഒരുസെന്റ് സ്ഥലം വീണ്ടും നല്‍കാമെന്ന് കരുതിയതാണ്. എന്നിട്ടും ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. സി.പി.എമ്മിലെ പ്രദേശിക നേതാക്കളോട് പരാതി പറഞ്ഞിരുന്നു. അവര്‍ക്കൊക്കെ ഞങ്ങളുടെ കാര്യം ബോധ്യപ്പെട്ടതാണ്. ഇപ്പോഴും ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണ്. പക്ഷേ, ചിലരാണ് ഞങ്ങളെ ഇത്രയേറെ ഉപദ്രവിക്കുന്നത്. ഒരു വീട് തകര്‍ത്തിട്ടുവേണ്ടിയിരുന്നോ ഇതുവരെ ഞങ്ങള്‍കൂടി പ്രവര്‍ത്തിച്ച പാര്‍ട്ടിയിലെ സഖാക്കള്‍ക്ക് ഈ പ്രതികാരം ചെയ്യാനെന്നും അനിത ചോദിക്കുന്നു.
പീപ്പിള്‍സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന അനിതയുടെ കേസ് ഏറ്റെടുത്ത് നടത്താന്‍ തയ്യാറായിട്ടുണ്ട്. അനിതയുടേത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുങ്ങിപ്പോകുന്ന ഒറ്റപ്പെട്ട കേസായതിനാലാണ് സംഘടന ഏറ്റെടുത്തതെന്ന് അഡ്വ. ശ്യാം അശോക് പറഞ്ഞു.
Discussion about this post